ബിസിനസ് സാമ്രാജ്യം കുവൈറ്റില് കെട്ടിപ്പടുത്ത കെജി എബ്രഹാം; ആടുജീവിതത്തിന്റെ നിര്മ്മാതാവ്, പ്രളയ കാലത്ത് കേരളത്തിന് സഹായം
കുവൈറ്റ്സിറ്റി: മലയാളികളടക്കം 49 പ്രവാസികളുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഉണ്ടായ ആറുനില ഫ്ളാറ്റ്, മലയാളി വ്യവസായിയും എൻബിടിസി ഗ്രൂപ്പിന്റെയും കേരളം കേന്ദ്രമായ കെജിഎ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടറായ കെജി.
എബ്രഹാം വാടകയ്ക്കെടുത്തത്. ഗള്ഫ് രാജ്യത്തെ ഏറ്റവും വലിയ കണ്സ്ട്രക്ഷൻ ഗ്രൂപ്പുകളിലൊന്നായ എൻബിടിസി ഗ്രൂപ്പിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്.
കേരളത്തില് ഏറെ അറിയപ്പെടുന്ന വ്യവസായി കൂടിയായ എബ്രഹാം തിരുവല്ല നിരണം സ്വദേശിയാണ്. 38 വർഷമായി കുവൈറ്റില് ബിസനസുകാരനായ അദ്ദേഹത്തിന് നാലായിരം കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. സിവില് എൻജിനിയറിംഗില് ഡിപ്ളോമ നേടി 22ാം വയസില് കുവൈറ്റിലെത്തിയ അദ്ദേഹം പടിപടിയായി പടുത്തുയർത്തിയതാണ് ഇന്നത്തെ ബിസിനസ് സാമ്രാജ്യം. 2018-ലെയും 2019-ലെയും പ്രളയത്തില് ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ അദ്ദേഹം മുൻപന്തിയിലായിരുന്നു.
എഞ്ചിനീയറിംഗ്, കണ്സ്ട്രക്ഷൻ, മാർക്കറ്റിംഗ്, വിദ്യാഭ്യാസ മേഖലകളിലാണ് എൻബിടിസി ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.എണ്ണ, പെട്രോകെമിക്കല് മേഖലകളിലുള്പ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും കമ്ബനികളുണ്ട്. മാർക്കറ്റിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു.എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ക്രൗണ് പ്ളാസയുടെ ചെയർമാനും തിരുവല്ലയിലെ കെജിഎ എലൈറ്റ് കോണ്ടിനെന്റല് ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയല് എസ്റ്റേറ്റ് മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
പൃഥ്വിരാജ് നായകനായ ആട് ജീവിതം എന്ന സൂപ്പർഹിറ്റ് സിനിമയുടെ നിർമാതാക്കളില് ഒരാള് കൂടിയാണ് കെ. ജി. എബ്രഹാം. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയില് നിന്ന് ചിലർ പണം തട്ടിച്ചെന്ന വാർത്ത പുറത്തുവന്നപ്പോള് എല്ഡിഎഫ് സർക്കാരിനെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. അർഹരായവരിലേക്ക് ദുരിതാശ്വാസ ഫണ്ട് എത്തിയില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്തതില് ഖേദമുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് വൻ വിവാദമാവുകയും ചെയ്തു.
കുവൈറ്റിലെ തുടക്കകാലത്ത് ബദ്ധ ആൻഡ് മുസൈരി എന്ന സ്ഥാപനത്തില് 60 ദിനാർ ശമ്ബളത്തിലായിരുന്നു തുടക്കം.ഏഴുവർഷം ജോലി ചെയ്തശേഷം സ്വന്തം സ്ഥാപനം ആരംഭിച്ചു. ചെറുകിട നിർമ്മാണങ്ങള് ഏറ്റെടുത്ത് വിജകരമായി പൂർത്തിയാക്കി. 1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഗ്രൂപ്പ് അതിവേഗം വളർന്നു. ഹൈവേ സെന്റർ എന്ന പേരില് സൂപ്പർ മാർക്കറ്റ് ശൃംഖലയും കുവൈറ്റിലുണ്ട്