ഖത്തറിനെ പരിഹസിച്ച്, ഇസ്രയേലിനെ പിന്തുണച്ച് പോസ്റ്റിട്ടു; സംഘപരിവാർ അനുകൂലികളെ പിടിച്ച് ജയിലിലിട്ട് ഖത്തർ പൊലീസ്

പലപ്പോളും പല അവസരങ്ങളിലും നമ്മൾ കണ്ടിട്ടുള്ളതാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണം ജയിലിൽ കിടക്കേണ്ടി വരുന്ന പ്രവാസികളുടെ അവസ്ഥ. ഓരോ നാട്ടിലും നിയമങ്ങൾ വ്യത്യസ്തമാണ്. അതൊക്കെ പാലിച്ചില്ലെങ്കിൽ ശിക്ഷയും ജയിൽവാസവും നാടുകടത്തലും ഒക്കെ ഉണ്ടാകും. ഒരു പൗരൻ എന്ന നിലയിൽ കിട്ടേണ്ടുന്ന അവകാശങ്ങളും സംരക്ഷണവും പലപ്പോളും പ്രവാസികൾക്ക് കിട്ടില്ല എന്ന കാര്യവും പ്രത്യേകം ഓർക്കണം.
ഇപ്പോൾ ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി സോഷ്യല്‍ മീഡിയ വഴി പോസ്റ്റു ഷെയര്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായെന്ന് റിപ്പോർട്ട്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയെ സാമൂഹ്യ മാധ്യമം ദുരുപയോഗം ചെയ്തെന്ന കേസിലാണ് ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം.
ഖത്തറിന്റെ രാഷ്ട്രീയ നിലപാടിനെതിരെയുള്ള ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് നടപടി. 40 ഇന്ത്യക്കാരെ ഇങ്ങനെ അറസ്റ്റു ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായവര്‍ മലയാളികളാണെന്നും ഇവര്‍ സംഘപരിവാര്‍ അനുകൂലികളാണെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇസ്റാഈൽ ഖത്തറില്‍ ആക്രമണം നടത്തിയപ്പോള്‍ സംഘധ്വനി എന്ന സോഷ്യല്‍ മീഡിയാ പേജില്‍ വന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റു നടപടി ഉണ്ടായതെന്നാണ് വിവരം.
ഖത്തര്‍ ഭരണാധികാരികളെ വളരെ മോശമായ രീതിയിൽ വിമര്‍ശിക്കുന്ന കാര്‍ട്ടൂണിനൊപ്പമായിരുന്നു വിവാദമായ പോസ്റ്റ് പങ്ക് വെച്ചത്. ഹമാസിനെയും ഐസിസിനെയും വിമര്‍ശിച്ചു കൊണ്ടും തീവ്രവാദത്തിന് ഫണ്ട് ചെയ്യന്നത് ഖത്തറാണെന്നും വിമര്‍ശിച്ചു കൊണ്ടുമാണ് പോസ്റ്റ്. ഇങ്ങനെ തുടങ്ങിയ പോസ്റ്റില്‍ വര്‍ഗീയ പരാമര്‍ശങ്ങളും അടങ്ങിയിട്ടുണ്ട്. ഈ പോസ്റ്റു ഷെയര്‍ ചെയ്തവര്‍ക്കെതിരെയാണ് ഖത്തര്‍ പോലീസ് നടപടി എടുത്തിരിക്കുന്നത്.
ഇവർ ജോലി ചെയ്തിരുന്ന കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍, താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും കമ്പനി മാനേജ്മെന്റ് അറിയിച്ചതായി ഇയാളുടെ ഭാര്യ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവർ ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എം.പിയെ ബന്ധപ്പെട്ട് വിവരം അറിയിക്കാന്‍ ശ്രമിക്കുന്നതായും പറയുന്നുണ്ട്. സുരേഷ് ഗോപിക്ക് നല്കിയ കത്തില്‍ എന്തെങ്കിലും തുടര്‍ നടപടി ഉണ്ടായതായും ആര്‍ക്കും അറിവില്ല.
കഴിഞ്ഞ 14 വര്‍ഷമായി ഖത്തറില്‍ കമ്പനിയില്‍ ജോലി നോക്കുകയാണ് ഈ വ്യക്തി. ഇപ്പോൾ രണ്ടുമാസത്തെ അവധിക്കു വന്ന ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് തിരികെ പോയത്. ഖത്തര്‍ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ അന്വേഷിക്കുന്നതായി അവര്‍ അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഖത്തര്‍. പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ പോലീസ് നിരീക്ഷണത്തിലാണ്. ഇതുവഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും സമൂഹത്തില്‍ വംശീയ, വർഗീയ വികാരങ്ങൾ ഉണര്‍ത്തുകയും ചെയ്യുന്ന പോസ്റ്റുകള്‍ ഇട്ടാല്‍ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള കര്‍ശന നടപടിയാണ് ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളുന്നത്.
ഖത്തര്‍ പൗരന്മാര് അല്ലാത്തവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് പ്രധാനമായും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലുള്ളത്. സ്വദേശികൾക്ക് ഇത്തരം കാര്യങ്ങളിൽ ചില ഇളവുകളുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഖത്തറിലുള്ള പ്രവാസി മലയാളികള്‍ സോഷ്യല്‍ മീഡിയ ഇടപെടല്‍ നടത്തുമ്പോള്‍ കരുതലോടെ ഇടപെടേണ്ടതാണ്.
ഖത്തറിലെ ജയിലുകളില്‍ ആകെ 611 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വെളിപ്പെടുത്തിയത്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇ. ടി മുഹമ്മദ് ബഷീര്‍ എംപിക്ക് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിലെ ഇന്ത്യന്‍ തടവുകാരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഗള്‍ഫിലെ രാജ്യങ്ങളിലെ ജയിലുകളില്‍ കൂടുതൽ ആളുകളും ചെക്ക് കേസിലും മറ്റും ശിക്ഷ അനുഭവിക്കുന്നവരാണ്.
അത് കഴിഞ്ഞാൽ ലഹരി, മറ്റ് നിരോധിത വസ്തുക്കള്‍ തുടങ്ങിയവ കടത്തിയതിന് പേരില്‍ തടവിലാക്കപ്പെട്ടവരും, ഇതിലൂടെ വഞ്ചിക്കപെട്ടവരും ജയിലുകളില്‍ കഴിയുന്നുണ്ട്. ഇത്തരം ആളുകള്‍ക്ക് ആവശ്യമായ നിയമ സഹായം ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്നം.
നമ്മുടെ രാജ്യത്ത് നമുക്ക് ലഭിക്കുന്ന നിയമത്തിൻറെ പരിരക്ഷ വിദേശ രാജ്യങ്ങളിൽ ലഭിക്കില്ല.നാട്ടിലിരുന്ന് പ്രധാമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്നത് പോലെ, അറബ് രാജ്യങ്ങളിലോ മറ്റുള്ള നാട്ടിലോ പോയി ചെയ്താൽ അകത്ത് കിടക്കേണ്ടി വരും എന്നുള്ളത് ഉറപ്പാണ്. ആ സമയത്ത് ഞങ്ങൾ സംഘപരിവാർ ആണെന്നോ സുരേഷ്ഗോപിയുടെ ആളുകൾ ആണെന്ന് പറഞ്ഞിട്ടോ, യാതൊരു കാര്യവുമില്ല.