അഞ്ച് വര്‍ഷത്തോളമായി മുടങ്ങാതെ ടിക്കറ്റെടുത്തു; പ്രവാസിയെ തേടിയെത്തിയത് എട്ട് കോടിയുടെ സൗഭാഗ്യം
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പില്‍ ഒരു മില്ല്യണ്‍ ഡോളർ (8,31,20,200 കോടി) സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. സൗദി അറേബ്യയില്‍ വർഷങ്ങളായി ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ എഡ്വേർഡ് ജോർജിനാണ് ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബായ് ഇന്റർനാഷണല്‍ എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീയില്‍ വച്ചുനടന്ന 448-ാമത് നറുക്കെടുപ്പിലാണ് പ്രവാസിയെ തേടി ഭാഗ്യമെത്തിയത്.
റിയാദിലെ ഒരു ഐടി കമ്ബനിയിലെ ഉദ്യോഗസ്ഥനായ എഡ്വേർഡിന് ഒരു മകനുണ്ട്. കഴിഞ്ഞ 26 വർഷമായി റിയാദില്‍ ജോലി ചെയ്തുവരുന്ന ജോർജ് അഞ്ച് വർഷത്തോളമായി മില്ലേനിയം മില്യണയറിന്റെ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 2270 എന്ന ടിക്കറ്റ് നമ്ബറിനാണ് ഭാഗ്യം തേടിയെത്തിയത്. ഈ മാസം 11നാണ് ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിച്ചതെന്നും ഭാഗ്യശാലിയായതില് സന്തോഷമുണ്ടെന്നും എഡ്വേർഡ് കൂട്ടിച്ചേർത്തു.
‘സൗഭാഗ്യത്തിനായി ഒരുപാട് നാളുകളായി കാത്തിരിക്കുകയാണ്. പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ല. അവസാനം ഭാഗ്യം തേടിയെത്തി. സമ്മാനത്തുക മകന്റെ വിദ്യാഭ്യാസത്തിനായി മാറ്റി വയ്ക്കും. മകനെ വിദേശത്തയച്ച് പഠിപ്പിക്കും’- എഡ്വേർഡ് പറഞ്ഞു. 1999 മുതല്‍ ആരംഭിച്ച മില്ലേനിയം മില്ല്യണയർ നറുക്കെടുപ്പില്‍ ഭാഗ്യം ലഭിക്കുന്ന 23-ാമത്തെ ഇന്ത്യാക്കാരനാണ് എഡ്വേർഡ് ജോർജ്.