വിസ നിയമലംഘനം; കുവൈത്തിൽ 269 പ്രവാസികളെ പിടികൂടി

രാജ്യത്ത് അനധികൃതമായി തുടരുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 269 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ,തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും ഗവർണറേറ്റിലുടനീളം പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
തൊഴിൽ നിയമങ്ങൾ ലംഘിച്ച 202 പേരെയും റെസിഡൻസി പെർമിറ്റുകളുടെ കാലാവധി അവസാനിച്ച 29 പേരെയും തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടിയ 25 പേരേയുമാണ് പിടികൂടിയത്. ക്രിമിനൽ കേസുകളിലെ പ്രതികളായ നാല് പേരെയും ഭിക്ഷാടന കേസുകളിൽ രണ്ട് പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാളെയും അധികൃകസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ആരംഭിച്ച പ്രത്യേക ക്യാമ്പയിനിലൂടെ 93 വാഹനങ്ങൾ പിടിച്ചെടുക്കുകയും നിരവധിപേർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. പ്രാദേശിക കമാൻഡർമാർ, വകുപ്പുകൾ, ഓപ്പറേഷൻ യൂണിറ്റുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു പരിശോധന നടത്തിയത്.