റോബ്ലോക്സിന് യു എ ഇയിലും ‘പണി’; ചാറ്റ് സെക്ഷൻ ഒഴിവാക്കി

യു എ ഇയിൽ റോബ്ലോക്സ് ഗെയിം കളിക്കുന്നവർക്ക് ഇനി മുതൽ ചാറ്റ് സെക്ഷൻ ഉപയോഗിക്കാൻ കഴിയില്ല. കുട്ടികൾക്കായുള്ള ഓൺലൈൻ സുരക്ഷ ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഈ നടപടി. റോബ്ലോക്സ് അധികൃതരും യു എ ഇ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവർൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ചാറ്റ് സെക്ഷൻ ഒഴിവാക്കാൻ തീരുമാനിച്ചത്.
ഇന്ന് മുതൽ യു എ ഇയിൽ റോബ്ലോക്സ് ഗെയിം ഓപ്പൺ ചെയ്യുമ്പോൾ ചാറ്റ് ഐകൺ കാണാനാകില്ല. ചാറ്റ് സെക്ഷൻ ഒഴിവാക്കാനുള്ള തീരുമാനം താത്കാലികമാണ് എന്നും പറയുന്നുണ്ട്. കുട്ടികൾ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
റോബ്ലോക്സ് ഗെയിം കുട്ടികൾക്കിടയിൽ അക്രമവാസന വളർത്തുന്നതായും സദാചാര മൂല്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ ഇതിൽ ഉള്ളതെന്നുമാണ് പ്രധാന ആരോപണം. രക്തരൂഷിത രംഗങ്ങൾ, സാമൂഹികവിരുദ്ധ പ്രവണതകൾ, കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ തുടങ്ങിയവ കാരണം ഇവ നിരോധിക്കണം എന്നായിരുന്നു രക്ഷകർത്താക്കളുടെ ആവശ്യം. എന്നാൽ ഗെയിം നിരോധിക്കുന്ന കാര്യത്തിൽ യു എ ഇ തീരുമാനം എടുത്തിട്ടില്ല.