സീറ്റ് തകരാറിലായി,യുവതിക്ക് പരിക്ക്; വിമാന കമ്പനിക്ക് 10,000 ദിർഹം പിഴ

വിമാനത്തിലെ കേടുവന്ന സീറ്റിൽ യാത്ര ചെയ്യുന്നതിനിടെ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി. വിമാനകമ്പനി 10,000 ദിർഹം നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധി. യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴശിക്ഷ വിധിച്ചതെന്ന് അബുദാബി ഫാമിലി കോടതി വ്യക്തമാക്കി.
ഇളകിയ നിലയിലായിരുന്നു സീറ്റ് ഉണ്ടായിരുന്നത്. യാത്രക്കാരി ആയ യുവതി അത് ചൂണ്ടിക്കാണിച്ചിട്ടും മാറ്റി നൽകാൻ വിമാനത്തിലെ ജീവനക്കാർ തയ്യറായില്ല. യാത്രക്കിടെ സീറ്റിന്റെ ഭാഗത്ത് തട്ടി യുവതിയുടെ ദേഹത്ത് മുറിവ് ഉണ്ടാവുകയും ചെയ്തു.
ലക്ഷ്യ സ്ഥാനത്ത് എത്തിയ യുവതി ഉടൻ ഒരു ക്ലിനിക്കിൽ പോയി. അവിടെ നിന്ന് പ്രാഥമിക ചികിത്സ തേടി. പിന്നീട് യു എ ഇയിൽ മടങ്ങിയെത്തിയ യുവതി കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. തനിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പകരമായി 50,000 ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ആശുപത്രി രേഖകൾ അടക്കം കോടതിയിൽ തെളിവായി സമർപ്പിക്കുകയും ചെയ്തു.
കേസിൽ വിശദമായി വാദം കേട്ട കോടതി എയർലൈൻ കമ്പനിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തി. തുടർന്ന് പരാതിക്കാരിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധിച്ചു. എന്നാൽ എയര്‍ലൈന്‍ കമ്പനിയുടെ പേരോ,മറ്റ് വിവരങ്ങളോ പുറത്ത് വിടാൻ അധികൃതർ തയ്യാറായിട്ടില്ല.