ധന്യ കുഴല്‍പ്പണ ഇടപാട് നടത്തി? ഭര്‍ത്താവിനും പങ്കെന്ന് സംശയം, കുടുംബം ഒളിവില്‍
തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ പൊലീസ് പിടിലായ ഉദ്യോഗസ്ഥ കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹന്‍ (40) ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി പൊലീസിനു വിവരം ലഭിച്ചു.
കുഴല്‍പ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് തൃശൂരിലെത്തിച്ച ധന്യ മോഹനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കുടുംബം ഒളിവിലാണ്. ഭര്‍ത്താവിനും പിതാവിനും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്.
ധന്യയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷവും പിതാവിന്റെ അക്കൗണ്ടിലേക്ക് 40 ലക്ഷവും ധന്യ കൈമാറിയിട്ടുണ്ട്. ധന്യയുടെ അക്കൗണ്ടില്‍ 80 ലക്ഷം ഉണ്ടായിരുന്നു. ധന്യയുടെ പേരില്‍ 5 അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്. ചില ബന്ധുക്കളുടെ പേരില്‍ ധന്യ സ്വത്ത് നിക്ഷേപിച്ചതായും പൊലീസ് കണ്ടെത്തി. ബാങ്കില്‍ സ്വര്‍ണ നിക്ഷേപമുണ്ട്. തൃശൂരില്‍ വീടും വീടിനു ചുറ്റുമുള്ള വസ്തുക്കളും വാങ്ങിയിട്ടുണ്ട്. നിരവധി ആഡംബര വാഹനങ്ങളുണ്ട്.
കൊല്ലം കലക്ട്രേറ്റിനു സമീപം നെല്ലിമൂട് ദേശീയപാതയോരത്തുള്ള വീട്ടില്‍ ഇപ്പോള്‍ ആരുമില്ല. ധന്യ, ഭര്‍ത്താവ്, മകള്‍, സഹോദരി, സഹോദരീ ഭര്‍ത്താവ്, അച്ഛന്, അമ്മ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ക്ക് മൂന്ന് കടമുറികളുണ്ട്. അതിനോട് ചേര്‍ന്നാണ് കുടുംബ വീട്. അടുത്തിടെ തൊട്ടടുത്ത് പുതിയ വീടുവച്ചു.
അച്ഛന് പണി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനമുണ്ട്. ആഴ്ചയിലൊരിക്കലാണ് തൃശൂരില്‍നിന്ന് ധന്യ കൊല്ലത്ത് എത്തിയിരുന്നത്. ശനിയാഴ്ച രാത്രിയെത്തി തിങ്കളാഴ്ച രാവിലെ പോകും. 24ന് വൈകിട്ടാണ് ധന്യ അവസാനമായി കൊല്ലത്തെ വീട്ടില്‍ വന്നത്. പിന്നീട് കുടുംബത്തെക്കുറിച്ച് അറിവില്ല. നാട്ടുകാര്‍ക്ക് കുടുംബത്തെപ്പറ്റി ആക്ഷേപങ്ങളൊന്നുമില്ല.