പുതിയ സീസണില്‍ തോല്‍വിയോടെ ബ്ളാസ്റ്റേഴ്സിന് അരങ്ങേറ്റം
തിരുവോണദിവസം സദ്യയും കഴിച്ചു വന്ന മലയാളികള്‍ക്ക് വന്‍ നിരാശ നല്കി ഐഎസ് എല്‍ സീസണില്‍ കേരളാബ്ളാസ്റ്റേഴ്സ് അരങ്ങേറ്റം.
പഞ്ചാബ് എഫ്സി യോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യപകുതിയില്‍ വിരസമായിപ്പോയ മത്സരത്തിന് രണ്ടാം പകുതിയിലായിരുന്നു ജീവന് വെച്ചത്. പെനാല്‍റ്റിയില്‍ നിന്നും ലൂക്കാ മാജ്സെനും ഫിലിപ് മിര്ലാകും പഞ്ചാബിനായി ഗോള്‍ നേടി.
അവസാനമിനിറ്റുകളിലെ ചടുലനീക്കങ്ങളായിരുന്നു കളിയെ ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറ്റിയത്. മത്സരത്തിന്റെ 85 ാം മിനിറ്റുവരെ ഗോള്‍ പിറക്കാതിരുന്ന മത്സരം അതിനു ശേഷമാണ് ആവേശത്തിരമാല തീര്‍ത്തത്. മത്സരത്തിലെ മൂന്ന് ഗോളുകളും അതിനു ശേഷമായിരുന്നു. 86 ാം മിനിറ്റില്‍ പഞ്ചാബിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി പകരക്കാരന് താരം ലൂക്ക മയ്സെന്‍ ഗോളാക്കി.
ഇഞ്ചുറി സമയത്ത് സ്പാനിഷ് താരം ഹെസൂസ് ഹിമെനെയിലൂടെ ബ്ളാസ്റ്റേഴ്സ് സമനില പിടിച്ചു. പിന്നാലെ ആക്രമിച്ചു കളിച്ച പഞ്ചാബ് ഫിലിപ് മിര്ലാക്കിലൂടെ തൊട്ടടുത്ത മിനിറ്റില്‍ ഗോള്‍ നേടി കളി പൂര്‍ണമായി പഞ്ചാബിന്റെ വരുതിയിലാക്കുന്നു. മത്സരത്തിന്റെ 42ാം മിനിറ്റില്‍ പഞ്ചാബ് എഫ്സി പന്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചെങ്കിലും, ഓഫ്സൈഡ് കെണിയില്‍ കുരുങ്ങുകയായിരുന്നു.