അർജന്റീനയുടെ ഗോൾ മഴയിൽ ബ്രസീൽ മുങ്ങി; വമ്പൻ തോൽവി

കോപ്പ അമേരിക്ക അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെതിരെ അർജന്റീനക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അർജന്റീനയുടെ യുവസംഘം ബ്രസീലിനെ തകർത്തുവിട്ടത്. മാഞ്ചസ്റ്റർ സിറ്റി യുവതാരം ക്ലോഡിയോ എച്ചെവെരി ഇരട്ടഗോൾ നേടിക്കൊണ്ട് മിന്നും പ്രകടനമാണ് നടത്തിയത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇയാൻ സുബിയാബ്രെയിലൂടെ അർജന്റീന മുന്നിലെത്തി.
രണ്ട് മിനിറ്റുകൾക്ക് ശേഷം ക്ലോഡിയോയിലൂടെ അർജന്റീന രണ്ടാം ഗോളും നേടി. പിന്നീട് 12ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ ഇഗോർ സെറോറ്റെയുടെ സെൽഫ് ഗോളും വന്നതോടെ അർജന്റീന തുടക്കത്തിൽ തന്നെ ബ്രസീലിനെതിരെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഒടുവിൽ ആദ്യ പകുതി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയ അർജന്റീന രണ്ടാം പകുതിയിലും തങ്ങളുടെ ഗോളടി മികവ് ആവർത്തിക്കുകയായിരുന്നു.
52ാം മിനിറ്റിൽ അഗസ്റ്റിൻ റൂബെർട്ടോയിലൂടെ അർജന്റീന നാലാം ഗോൾ നേടി. രണ്ട് മിനിറ്റുകൾക്ക് ശേഷം ക്ലോഡിയോ എച്ചെവെരി വീണ്ടും ലക്ഷ്യം കണ്ടതോടെ അർജന്റീന അഞ്ചു ഗോളുകൾക്ക് മുന്നിട്ടുനിന്നു. ഒടുവിൽ 78ാം മിനിറ്റിൽ സാന്റിയാഗോ ഹിഡാൽഗോ ആറാം ഗോളും നേടി ബ്രസീലിന്റെ പതനം പൂർത്തിയാക്കുകയായിരുന്നു.