ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട് ഗ്രൂപ്പ് നിർണയിച്ചു… ഇന്ത്യ മരണ ഗ്രൂപ്പിൽ
2026 ഫിഫ വേൾഡ് കപ്പിന്റെ രണ്ടാം റൗണ്ട് ഗ്രൂപ്പ് നിർണയം പൂർത്തിയായിരിക്കുന്നു . ഗ്രൂപ്പ് എ യിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത് . ഇന്ത്യ ഉൾപ്പെടെ ആദ്യ 26 ടീമുകൾ രണ്ടാം റൗണ്ടിലേക്കു നേരിട്ട് കടന്നിരുന്നു . ഏതാണ്ട് ഏറെക്കുറെ ഉറപ്പിചു തന്നെ പറയാൻ കഴിയും ഇന്ത്യ മരണ ഗ്രൂപ്പിൽ തന്നെയാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് . അതിനർത്ഥം ഇന്ത്യ മോശം ആണെന്നല്ല . തുല്യ ശക്തികളുടെ ഗ്രൂപ്പായിട്ട് വേണം ഗ്രൂപ്പ് എ യെ കണക്കാക്കാൻ . ഇന്ത്യ , കുവൈറ്റ് , ഖത്തർ , എന്നീ ടീമുകൾകു പുറമെ പോട്ട് 4 ൽ നിന്നും വേൾഡ് കപ്പ് യോഗ്യത മത്സരത്തിനുള്ള യോഗ്യത ഉറപ്പാക്കാൻ നിൽക്കുന്ന അഫ്ഗാനിസ്ഥാനും – മംഗോളിയയും . ഇവരിൽ വിജയിക്കുന്നവർ ആയിരിക്കും എ ഗ്രൂപ്പിൽ ഉൾപ്പെടുന്ന അവസാന ടീം . ആകെ 9 ഗ്രൂപുകളിൽ ആയി 36 ടീമുകൾ ആണ് വേൾഡ് കപ്പ് യോഗ്യത മത്സരം കളിക്കുന്നത് . നാല് ടീമുകളാണ് ഓരോ ഗ്രൂപ്പിലും ഉൾപ്പെടുന്നത് . ഹോം ആൻഡ് ആവേ മത്സരങ്ങൾ ഉൾപ്പെടെ ആകെ ആറ് മത്സരങ്ങൾ ആയിരിക്കും ഒരു ടീമിന് കളിക്കേണ്ടി വരിക . 9 ഗ്രൂപ്പുകളിലായി ഒന്നാം സ്ഥാനത്തും , രണ്ടാം സ്ഥാനത്തും എത്തുന്ന 18 ടീമുകൾക്ക് ഫിഫ വേൾഡ് കപ്പിന്റെ മൂന്നാം ഘട്ട യോഗ്യത റൗണ്ടിലേക് കടക്കാം . മാത്രമല്ല 2027 ൽ സൗദി അറബിയയിൽ വച്ചു നടക്കുന്ന ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യതയും ഈ 18 ടീമുകൾക്ക് ലഭിക്കുന്നതായിരിക്കും . അവശേഷിക്കുന്ന 18 ടീമുകൾ വേൾഡ് കപ്പ് യോഗ്യത ലഭിക്കാതെ പുറത്താകും . എന്നാൽ സൗദി അറേബ്യൻ ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യത മത്സരങ്ങൾ കളിക്കാനുള്ള അവസരം ഈ ടീമുകൾക്ക് ഉണ്ടായിരിക്കും . വേൾഡ് കപ്പിൽ നിന്നും പുറത്തായ 18 ടീമുകളിൽ 6 സ്ലോട്ടുകളയിരിക്കും ഏഷ്യൻ കപ്പിനായി ഉണ്ടായിരിക്കുക . ഇന്ത്യയുടെ കാര്യത്തിലേക്ക് വന്നാൽ ഇന്ന് നടന്ന ഗ്രൂപ്പ് നിർണയം ഇന്ത്യൻ ഫുട്ബോളിന്റെ ഒരു പുതുജനനം എന്നോ , ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് കടന്നു കയറുന്നതിനായുള്ള ആദ്യ ചുവടു വെയ്പ്പ് എന്നോ പറയാൻ സാധിക്കും . 2026 ഏഷ്യൻ കപ്പ് ക്വാളിഫിക്കേഷൻ , വേൾഡ് കപ്പ് മൂന്നാം യോഗ്യത റൌണ്ട് തുടങ്ങി നിരവധി നേട്ടങ്ങലാണ് pot 2 വിൽ ഇന്ത്യ ഉൾപ്പെട്ടത് കൊണ്ടുള്ള ഗുണങ്ങൾ . മാത്രമല്ല ചരിത്രത്തിൽ ഇതുവരെ ഇന്ത്യയ്ക്ക് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മൂന്നാം റൗണ്ടിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. പക്ഷെ അത് ഇപ്പോഴും സാധ്യമായിട്ടില്ല . എന്നിരുന്നാലും നിലവിലെ ഇന്ത്യൻ ടീമിൽ രാജ്യമൊട്ടാകെ ഉള്ള കാൽപന്ത് ആരാധകർ വലിയ രീതിയിൽ തന്നെ പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട് . അത്രത്തോളം മനോഹരമായിട്ടാണ് കഴിഞ്ഞ രണ്ടു മാസകാലത്തിനിടയിൽ ഇന്ത്യൻ ടീം കാഴ്ച വെച്ച പ്രകടനവും , നേടിയ വിജയങ്ങളും , കിരീടങ്ങളും . നിലവിൽ ഇന്ത്യയുടെ ഫിഫ റാങ്കിങ് 99 ആണ് . സാഫ് കപ്പ് വിജയത്തോടു കൂടിയാണ് റാങ്കിങ്ങിൽ ഇന്ത്യ രണ്ടക്കത്തിലേക്ക് കുതിച്ചത് . നവംമ്പർ 16 നാണു ഇന്ത്യയുടെ ആദ്യ വേൾഡ് കപ്പ് ക്വാളിഫൈയർ മത്സരം .കുവൈറ്റിനെയാണ് ഇന്ത്യ അന്ന് നേരിടുന്നത് .ഹോം മത്സരം ആയിരിക്കും ഇത് . ഇരു ടീമുകളും ഈ വര്ഷം ഏറ്റുമുട്ടുന്ന മൂന്നാം മത്സരം ആയിരിക്കും നവംബർ 16 നു നടക്കുന്നത് .ഇക്കഴിഞ്ഞ സാഫ് കപ്പിലാണ് ഇന്ത്യ കുവൈറ്റിനെ രണ്ടു തവണ നേരിട്ടത് . ഗ്രൂപ്പ് ഘട്ട മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ , ഫൈനലിൽ കുവൈറ്റിനെ പെനാൽറ്റിയിലൂടെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു . എന്നിരുന്നാലും കുവൈറ്റിനെതിരെ മത്സരിച്ചു വിജയിച്ചിട്ടില്ല എന്ന ഒരു കുറവ് ഇന്ത്യയ്ക്ക് മേൽ നിലനിൽക്കുന്നുണ്ട് . നവംബർ 21 നാണു രണ്ടാം മത്സരം .ഖത്തറിന് എതിരെ അവരുടെ നാട്ടിൽ വെച്ച് ആണ് മത്സരം . വളരെ കാഠിന്യം ഏറിയ മത്സരം ആയിരിക്കും ഇതെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട . അവസാനമായി ഇന്ത്യ യും ഖത്തറും നേർക്ക് നേർ വന്നപ്പോൾ വിജയം ഖത്തറിന് ഒപ്പം ആയിരുന്നു . എന്നാൽ അതിനു മുൻപ് നടന്ന മത്സരത്തിൽ ഖത്തറിനെ അവരുടെ നാട്ടിൽ വെച്ച് തന്നെ സമനിലയിൽ കുരുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു . ഗുർപ്രീത് സിങ് സന്ധുവിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ഇന്ത്യ അന്ന് സമനില നേടിയത് . അതിനു ശേഷം പരാജയപ്പെട്ട മത്സരത്തിലും ഗുർപ്രീത് മിന്നും പ്രകടനം ആയിരുന്നു പുറത്തെടുത്തത് . പിന്നീട് അടുത്ത വര്ഷം മാർച്ചിലാണ് തുടർന്നുള്ള മത്സരങ്ങൾ നടക്കുന്നത് .