യൂറോകപ്പില്‍ ജര്‍മ്മനിയുടെ പടയോട്ടം; സ്കോട്ട്ലൻഡിനെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്
യൂറോകപ്പ് ഫുട്ബോള്‍ ഉദ്ഘാടന മത്സരത്തില്‍ സ്കോട്ട്ലൻഡിനെ തകർപ്പൻ വിജയവുമായി ആതിഥേയരായ ജർമ്മനി.
ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ജർമ്മനിയുടെ വിജയം. ചുവപ്പ് കാർഡുമായി റയാൻ പോർട്ടിയസ് കളത്തിന് പുറത്തായതോടെ പത്തുപേരുമായാണ് സ്കോട്ട്ലൻഡ് ജർമ്മനിക്കെതിരെ പൊരുതിയത്. എന്നാല്‍, സ്റ്റീവ് ക്ലാർക്കിൻ്റെ 10 അംഗ ടീമിന് ഒരിക്കല്‍ പോലും ജർമ്മൻ മതില് തകർക്കാനായില്ല. ജർമ്മനിയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിലും സ്കോട്ട്ലൻഡ് പരാജയപ്പെട്ടു. ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്കോട്ട്ലൻഡിന് ആശ്വാസിക്കാൻ വകയുണ്ടാക്കിയത്.
നാലാം കിരീടം ലക്ഷ്യമിട്ടാണ് ജർമ്മനി ഇക്കുറി കളിക്കാനിറങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ആധികാരിക വിജയവും നേടി. യുവതാരങ്ങളുടെ കരുത്തിലാണ് സ്കോട്ട്ലൻഡിനെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം ജർമ്മനിയുടെ ആധിപത്യമായിരുന്നു. ഫ്ളാറിയൻ വിർട്സ് (10), ജമാല്‍ മുസിയാല (19),കെയ് ഹാവെർട്സ് (45+1) , നിക്ലാസ് ഫുള്‍ക്രുഗ് ((68),എംറെ കാൻ (90+3) എന്നിവരാണ് ജർമ്മനിയുടെ സ്കോറർമാർ.
തുടക്കംമുതലേ കളി നിയന്ത്രിച്ച ജർമനി പത്താംമിനിറ്റിലാണ് ഫ്ളാറിയൻ വിർട്സിലൂടെ ടൂർണ്ണമെന്റിലെ ആദ്യ ഗോള്‍ നേടിയത്. 21-കാരനായ ഫ്ളാറിയൻ യൂറോകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജർമൻതാരം എന്ന നേട്ടത്തിനും അർഹനായി. 19-ാം മിനിറ്റില്‍ കൃത്യതയാർന്ന പാസുകള്‍ക്കൊടുവില്‍ ജമാല്‍ മുസിയാല ജർമനിയുടെ രണ്ടാംഗോള്‍ നേടി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ലഭിച്ച പെനാല്‍റ്റി കിക്ക് കെയ് ഹാവെർട്സാണ് ഗോളാക്കി മാറ്റിയത്.
രണ്ടാംപകുതിയില്‍ കെയ് ഹാവെർട്സിന് പകരക്കാനായി എത്തിയ നിക്ലാസ് ഫുള്‍ക്രുഗ് കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം സ്കോട്ടിഷ് പ്രതിരോധം തകർത്ത് ജർമനിയുടെ സ്കോർ നാലാക്കി ഉയർത്തി. ഫൈനല്‍ വിസിലിന് തൊട്ടുമുമ്ബ് എംറെ കാൻ ജർമൻ ഗോള്‍ പട്ടിക തികച്ചു.