നോക്കൗട്ട് പ്രതീക്ഷയില്‍ ഇന്ത്യയും സിറിയയും ഇന്നിറങ്ങുന്നു
ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് നിര്‍ണായക പോരാട്ടം. ഖത്തര്‍ സമയം ഉച്ചയ്ക്ക് 2:30 മുതല്‍ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യ സിറിയയെ നേരിടും.
ബി ഗ്രൂപ്പിലെ അവസാന മത്സരമാണത്. അതേ സമയത്തു തന്നെ ഓസ്ട്രേലിയ ഉസ്ബെക്കിസ്ഥാനെയും നേരിടും. ഓസ്ട്രേലിയയോടും ഉസ്ബെക്കിസ്ഥാനോടും തോറ്റ ഇന്ത്യക്കു നാണക്കേട് മാറ്റാന്‍ സിറിയയുമായുള്ള മത്സരത്തില്‍ ജയിക്കണം. കോച്ച് ഇഗോര്‍ സ്റ്റിമാച് സകല അടവുകളും പുറത്തെടുക്കുമെന്നാണു പ്രതീക്ഷ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം പകുതി അവസാനിച്ചപ്പോള്‍ മുതല്‍ ഇന്ത്യ പ്രതിരോധത്തില്‍ വളരെ മോശമായി.
ഇന്ത്യയുടെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. മന്‍വീര്‍ സിങ്ങിന് പകരം കെ.പി. രാഹുല്‍ കളിക്കുമെന്നാണു സൂചന. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മന്‍വീറിനു പകരം രാഹുല്‍ കളിച്ചിരുന്നു. മലയാളി താരം സഹല്‍ അബ്ദുള്‍ സഹദും ലാല്ലിയാന്സുല ചാങ്തെയും പരുക്കിന്റെ പിടിയില്‍നിന്നു മോചിതരായത് ഇന്ത്യക്ക് ആശ്വാസമാണ്. പരുക്കേറ്റ അന്‍വര്‍ അലി, ആശിഖ് കരൂണിയന്, മധ്യനിരക്കാരന് ജീക്സണ് സിങ് എന്നിവരെ കൂടാതെയാണ് ഇന്ത്യ ഖത്തറിലെത്തിയത്. സ്റ്റിമാചിന്റെ പോരാളികള്‍ ഏഷ്യന്‍ കപ്പിലെ മിന്നലുകളാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സിറിയയ്ക്കെതിരേ നടന്ന ആറ് മത്സരങ്ങളില്‍ മൂന്നിലും ജയിക്കാന്‍ ഇന്ത്യക്കായി. ഇന്നു ജയിക്കുന്നവര്‍ക്ക് നോക്കൗട്ടില്‍ കളിക്കാന്‍ ഒരു സാധ്യതയുണ്ട്. നാല് മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കാണു നോക്കൗട്ടില്‍ പ്രവേശനം ലഭിക്കുക. മറ്റു ഗ്രൂപ്പുകളിലെ പ്രകടനവും ഇന്ത്യക്കും സിറിയയ്ക്കും ബാധകമാകും.