ബാഴ്സലോണയ്ക്ക് വമ്പൻ തോൽവി; ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാമത്

സ്പാനിഷ് ലാ ലിഗയില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണയ്ക്ക് തിരിച്ചടി. സെവിയ്യ സ്വന്തം തട്ടകത്തില്‍ ബാഴ്സലോണയെ 4-1നു തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ വില്ലാറയലിനെ 3-1നു വീഴ്ത്തി. ജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കാമെന്ന ബാഴ്സലോണയുടെ സ്വപ്നമാണ് തകർന്നത്. റയല്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കുകയും ചെയ്തു. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ സെല്‍റ്റ വിഗോ സ്വന്തം തട്ടകത്തില്‍ 1-1നു സമനിലയിലും കുരുക്കി.
മുന്‍ ബാഴ്സലോണ താരവും വെറ്ററനുമായ ചിലി താരം അലക്സിസ് സാഞ്ചസിന്റെ 13ാം മിനിറ്റിലെ പെനാല്‍റ്റിയില്‍ നിന്നാണ് സെവിയ്യ അക്കൗണ്ട് തുറന്നത്. 37ാം മിനിറ്റില്‍ ഇസാക്ക് റൊമേറോ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ബാഴ്സയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ച് ലീഡ് കുറച്ചു.
രണ്ടാം പകുതിയില്‍ പിന്നീട് ഇരു ഭാഗത്തും വല ചലിച്ചില്ല. ഒടുവില്‍ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ കൂടി മടക്കി സെവിയ്യ നിലവിലെ ചാംപ്യന്മാരെ ഞെട്ടിച്ചു. 90ാം മിനിറ്റില്‍ ജോസ് കര്മോനയും ഇഞ്ച്വറി സമയത്ത് അകോര് ആദംസും സെവിയ്യയ്ക്കായി ഗോളുകള്‍ നേടി.
മത്സരത്തിനിടെ ബാഴ്സയ്ക്ക് അനുകൂലമായി കിട്ടിയ പെനാൽറ്റി സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി നഷ്ടപ്പെടുത്തിയതടക്കം വലിയ തിരിച്ചടികൾ അവർ കളത്തിൽ നേരിട്ടു. കൗമാര വിസ്മയം ലമീൻ യമാൽ പരിക്കേറ്റ് പുറത്തായതും അവർക്ക് തിരിച്ചടിയായി.
വിനിഷ്യസ് ജൂനിയറിന്റെ ഇരട്ട പെനാല്‍റ്റി ഗോളുകളും കിലിയന്‍ എംബാപ്പെയുടെ ഗോളും ചേര്‍ത്താണ് റയല്‍ വിജയിച്ചു കയറിയത്. കളിയുടെ രണ്ടാം പകുതിയിലാണ് 3 ഗോളുകളും റയല്‍ വലയിലിട്ടത്. 47, 69 മിനിറ്റുകളിലാണ് വിനഷ്യസിന്റെ പെനാല്‍റ്റി ഗോളുകള്‍. എംബാപ്പെ 81ാം മിനിറ്റില്‍ വല ചലിപ്പിച്ച് പട്ടിക പൂര്‍ത്തിയാക്കി. 73ാം മിനിറ്റില്‍ ജോര്‍ജസ് മികൗദസയിലൂടെയാണ് വില്ലറയല്‍ ആശ്വാസം കണ്ടെത്തിയത്.