മോശം ഫോമിലാണെങ്കിലും ഈ ലിസ്റ്റിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമത്
നമുക്കറിയാം കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ മോശം ഫോമിലാണ്. ഐഎസ്എല്ലിലെ ആദ്യ ഘട്ട മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന മഞ്ഞപ്പട നിലവിൽ മൂന്നാം സ്ഥാനത്താണുള്ളത്. പക്ഷെ ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ശക്തം തന്നെയാണ്. ഇവാൻ ആശാനേ ശക്തിപെടുത്തുന്നതും ഈ കാര്യം തന്നെയാണ്. അതെ കഴിഞ്ഞ മത്സരങ്ങളിലെ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനം ടീമിന്റെ കിരീട പ്രതീക്ഷകളെ മങ്ങലേൽപ്പിക്കുകയാണ്. മാത്രമല്ല ആരാധകരുടെ ഭാഗത്ത് നിന്ന് പോലും വിമർശനങ്ങളും വന്ന് തുടങ്ങിയിരിക്കുന്നു. ഈ സീസൺ അവസാന ചാൻസാണ്, ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്സ് വിടണം, എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ കമന്റുകളും നിറയുന്നുണ്ട്. എന്നാൽ ആരാധകർ ശ്രദ്ധിക്കാതെ പോയ ഇവാൻ ആശാന്റെ ഒരു നീക്കമുണ്ട്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മറ്റൊരു ലിസ്റ്റിൽ മറ്റ് 11 ടീമുകളെയും ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തുണ്ട്.
മഞ്ഞപ്പട ആരാധകർക്ക് ഏറെ അഭിമാനം നൽകുന്ന ഒരു ലിസ്റ്റിലാണ് ടീം ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ ഇതുവരെയുള്ള കണക്കുകളെടുത്താൽ 21 വയസിൽ താഴെയുള്ള ഇന്ത്യൻ താരങ്ങൾക്ക് ഏറ്റവും കൂടുതൽ മത്സരസമയം നൽകിയ ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്. ടീമിലെ നാല് അണ്ടർ 21 താരങ്ങൾക്കുമായി ഇക്കുറി 1894 മിനിറ്റ് മത്സരസമയം മഞ്ഞപ്പട നൽകി. മൊത്തം 37 കളികളാണ് ഈ താരങ്ങൾക്കെലാവർക്കുമായി ലഭിച്ചത്. ഐ എസ് എല്ലിൽ മറ്റൊരു ടീമും ഇക്കുറി 1500 ലധികം മിനിറ്റുകൾ അവരുടെ അണ്ടർ 21 കളിക്കാർക്ക് നൽകിയിട്ടില്ല. യുവതാരങ്ങളിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് മത്സര പദ്ധതികൾ മെനയുന്ന പരിശീലകൻ ഇവാൻ വുകോമനോവിച്ചാണ് ഈ ലിസ്റ്റിൽ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിന് കാരണം. വിബിൻ മോഹനൻ, മൊഹമ്മദ് ഐമൻ, മൊഹമ്മദ് അസർ, ഫ്രെഡി ലാലമ്മാവ എന്നിവരാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 21 കളിക്കാർ. ഇതിൽ മധ്യനിര താരമായ വിബിൻ മോഹനനാണ് ഇക്കുറി കൂടുതൽ മത്സരസമയം ലഭിച്ചത്. 11 കളികളിലായി മൊത്തം 750 മിനിറ്റുകൾ അദ്ദേഹം കളിക്കളത്തിലുണ്ടായിരുന്നു. ഇക്കാര്യത്തിൽ രണ്ടാമത് മലയാളി താരം മൊഹമ്മദ് ഐമനാണ്. 13 കളികളിലായി 682 മിനിറ്റുകൾ അദ്ദേഹത്തിന് ലഭിച്ചു. മൊഹമ്മദ് അസറിന് എട്ട് കളികളിലായി 370 മിനിറ്റാണ് കിട്ടിയത്. ഫ്രെഡി അഞ്ച് കളികളിലായി 92 മിനിറ്റ് ഇറങ്ങി. ഇതിൽ ഫ്രെഡി പരിക്കേറ്റ് ആദ്യ ഘട്ടത്തിൽ ടീമിൽ നിന്ന് പുറത്തായിരുന്നു. ഇല്ലായിരുന്നെങ്കിൽ അണ്ടർ 21 കളിക്കാർക്ക് കേരള ബ്ലാസ്റ്റേഴ്സ് നൽകിയ മത്സരസമയം കുറഞ്ഞത് 2000 മിനിറ്റിൽ എത്തുമായിരുന്നു.
അണ്ടർ 21 കളിക്കാർക്ക് കൂടുതൽ മത്സരസമയം നൽകിയ ഐ എസ് എൽ ക്ലബ്ബുകളിൽ ഇക്കുറി രണ്ടാമത് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയാണ്. മൊത്തം 1362 മിനിറ്റുകളാണ് നോർത്തീസ്റ്റ് അവരുടെ അണ്ടർ 21 കളിക്കാർക്ക് ഈ സീസൺ ഐ എസ് എല്ലിൽ നൽകിയത്. ജംഷദ്പുർ എഫ്സി ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. അവരുടെ അണ്ടർ 21 കളിക്കാർക്ക് ഇത്തവണ 1340 മിനിറ്റ് സമയം ഐ എസ് എല്ലിൽ ലഭിച്ചിട്ടുണ്ട്.