സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മൊംഗില്‍ കേരള ബ്ലാസ്റ്റേഴ്സില്‍; ആശംസയുമായി മുന്‍ ബ്ലാസ്റ്റേഴ്സ് താരവും
പുതിയ സിസണിലേക്കുള്ള വിദേശ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ ഓഡിഷ എഫ് സി താരമായിരുന്ന വിക്ടര്‍ മൊംഗിലാണ് മഞ്ഞക്കുപ്പായത്തിലേക്ക് മാറുന്നത്. ഡിഫന്‍ഡറായി അറിയപ്പെടുന്ന താരത്തിന് മിഡ്ഫീല്‍ഡും അനായാസം വഴങ്ങും. ഒരു വര്‍ഷത്തെ കരാറിലെത്തുന്ന സ്പാനിഷ് താരം 2023 വരെ ബ്ലാസ്റ്റേഴ്സില്‍ ഉണ്ടാകും. കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്.
29കാരനായ വിക്ടര്‍ മൊംഗില്‍ സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011 – 12 സീസണില്‍ സീനിയര്‍ ടീമിലേക്കെത്തുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും താരം പന്തുതട്ടിയിട്ടുണ്ട്. 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ് സി ഡൈനമോ ടബ്ലീസിയില്‍ ചേര്‍ന്നു. ടബ്ലീസിയിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.
2019 – 20 ഐ എസ് എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് വിക്ടര്‍ ആദ്യമായി ഇന്ത്യയിലേക്കെത്തുന്നത്. അന്ന് എ ടി കെയില്‍ ചേര്‍ന്ന താരത്തിന് അതേ സീസണില്‍ ടീമിനോടൊപ്പം ഐ എസ് എല്‍ കിരീടം നേടാനും സാധിച്ചു. 2020 സീസണിനു ശേഷം ഡൈനാമോ ടബ്ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡീഷ എഫ് സിയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒഡീഷയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഡിഫന്‍സീവ് നിരയിലെ ഈ വിശ്വസ്ഥ ഭടന്.
ടീം മെന്റാലിറ്റിയുള്ള, വ്യത്യസ്ത സ്ഥാനങ്ങളില്‍ കളിക്കാന്‍ കഴിയുന്ന, പരിചയസമ്പന്നനായ ഐ എസ് എല്‍ കളിക്കാരനാണ് വിക്ടറെന്ന് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു. ബ്ലാസ്റ്റേഴ്സില്‍ ചേരാന്‍ അദ്ദേഹം വലിയ പ്രേരണ കാണിച്ചു. അത് വളരെ പ്രധാനപ്പെട്ട ഘടകമാണെന്നും വരാനിരിക്കുന്ന സീസണില്‍ വിക്ടറിന് എല്ലാ ആശംസകളും നേരുന്നതായും സ്കിന്‍കിസ് പറഞ്ഞു.
ഔദ്യോഗികമായി കേരള ബ്ലാസ്റ്റേഴ്സ് താരമായി എന്നറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സീസണ് ആരംഭിക്കുന്നതിനും വേണ്ടി കാത്തിരിക്കുകയാണെന്നും ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ട വീഡിയോയില്‍ വിക്ടര്‍ മൊംഗില്‍ പറഞ്ഞു.
മൊംഗിലിന് ആശംസയുമായി മുന്‍ ബ്ലാസ്റ്റേഴ്സ് താരം അല്‍വാരോ വാസ്കസ് രംഗത്തെത്തിയതയും ശ്രദ്ധേയമായി. ‘താങ്കള്‍ക്ക് എല്ലാവിധ ആശംസകളും. അവര്‍ (കേരള ബ്ലാസ്റ്റേഴ്സ്) നിങ്ങളെ നന്നായി നോക്കിക്കോളും. അവര്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്താല്‍ അവര്‍ നിങ്ങളെ എന്നും ഒര്‍ത്തിരിക്കും. നമ്മുക്ക് ഉടന്‍തന്നെ ഫീല്‍ഡില്‍ കാണാം’
സ്പാനിഷ് താരം അല്‍വാരോ വാസ്കസ് കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും താരത്തിനെ നിലനിര്‍ത്താന്‍ ക്ലബ്ബിനു സാധിച്ചിരുന്നില്ല. എഫ് സി ഗോവയുടെ താരമായ അല്‍വാരോയുടെ വാക്കുകള്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
അപ്പോസ്തൊലോസ് ജിയാനുവിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ പ്രഖ്യാപിച്ച രണ്ടാമത്തെ വിദേശ സൈനിങാണ് വിക്ടര്‍ മൊംഗില്‍. കഴിഞ്ഞവര്‍ഷം ക്ലബ്ബിനൊപ്പം ചേര്‍ന്ന മാര്‍ക്കോ ലെസ്കോവിച്ചിനോടൊപ്പം മൊംഗിലിന്റെ വരവ്, ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് കൂടുതല്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ആധിപത്യവും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Content Highlight: Kerala Blasters, New Signing, Victor Mongil, Alvaro Vazquez, ISL, Football, Sports