പഞ്ചാബിനെതിരേ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഗോള്‍ ജയം
പരിശീലകനും സ്ഥിരം നായകനുമില്ലാതെ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനു പഞ്ചാബ് എഫ്.സിക്കെതിരേ ജയം.
ഏകപക്ഷീയമായ ഒരുഗോളിനാണ് കൊമ്ബന്മാരുടെ ജയം. രണ്ടാം പകുതിയില്‍ ദിമിത്രിയോസ് ഡയമന്തക്കോസാണ് മത്സരത്തിലെ ഏകഗോളിന് അവകാശിയായത്. 51-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡയമന്തക്കോസ് ടീമിന് മുഴുവന്‍ പോയിന്റും സമ്മാനിച്ചു.
കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകള്കാട്ടി റഫറിമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായതോടെ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകുമനോവിച്ചിന്റെ സേവനം ഇന്നലെ ടീമിനു ലഭിച്ചില്ല. പഞ്ചാബിനെതിരേ ഗ്യാലറിയിലായിരുന്നു ‘ആശാന്റെ’ സ്ഥാനം. പരുക്കിന്റെ പിടിയിലായതോടെ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും ടീമിനു പുറത്തായി. ഇതോടെ ലെസ്കോവിച്ചാണ് ഇന്നലെ ടീമിനെ നയിച്ചത്.
പഞ്ചാബിന്റെ തട്ടകത്തില്‍ കരുതലോടെയായാണ് ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ പന്തുതട്ടിയത്. ആദ്യമിനിറ്റുകളില്‍ പഞ്ചാബ് പലവട്ടം ബ്ലാസ്റ്റേഴ്സ് ബോക്സില്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും വലചലിച്ചില്ല. എട്ടാം മിനിറ്റില്‍ കൃഷ്ണാനന്ദ സിങ്ങും 13-ാം മിനിറ്റില്‍ മധീഹ് തലാലും പഞ്ചാബിനായി ഗോളിനരികിലെത്തി. 16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനായി നറോച്ച സിങ്ങിന്റെ ഇടംകാല് പ്രഹരവും ലക്ഷ്യംകണ്ടില്ല. 39-ാം മിനിറ്റില്‍ മുഹമ്മദ് ഐമന്റെ പാസില്‍നിന്ന് ഡയമന്തക്കോസിന്റെ ഷോട്ട് പ്രതിരോധത്തില്‍ത്തട്ടി തെറിച്ചു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്ബ് ഐമന്റെ അസിസ്റ്റില്‍ ക്വാമി പെപ്ര ബോക്സിനു പുറത്തുനിന്നു തൊടുത്ത ലോങ് റേഞ്ചര്‍ പുറത്തേക്കുപോയി.
രണ്ടാം പകുതി തുടങ്ങിയതുമുതല്‍ കേരള ബ്ലാസ്റ്റേഴ്സ് സമ്മര്‍ദം ചെലുത്തി. ബോക്സിനുള്ളില്‍ മുഹമ്മദ് ഐമനെ ഖൈമിന്താങ് ലുങ്ദിം വീഴ്ത്തിയതിനു റഫറി പെനാല്‍റ്റിയിലേക്കു വിരല്‍ചൂണ്ടി. കിക്കെടുത്ത ഡയമന്തക്കോസിന്റെ ഇടംകാല് ഷോട്ട് ഗോള്‍ കീപ്പറെ പരാജയപ്പെടുത്തി വലയുടെ മധ്യത്തില്‍ പതിച്ചതോടെ ബ്ലാസ്റ്റേഴ്സ് ഒരുഗോളിനു മുന്നില്‍. സീസണില്‍ ഡയമന്തക്കോസിന്റെ അഞ്ചാം ഗോളാണ് പഞ്ചാബ് എഫ്.സിക്കെതിരേ പിറന്നത്. തുടര്‍ന്നും ആക്രമിച്ചു കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിനു ഗോള്‍നേടാനായില്ല.
ജയത്തോടെ 10 കളിയില്‍ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. ഗോവയ്ക്കും ഇതേ പോയിന്റാണെങ്കിലും രണ്ടു മത്സരം കുറച്ചുകളിച്ചത് അവരെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാക്കി. ആറു കളിയില്‍ 16 പോയിന്റുമായി മോഹന്‍ ബഗാനാണു മൂന്നാമത്.