ഒന്നാമതെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ; ചില്ലറക്കാരല്ല ചെന്നൈയിൻ എഫ് സി
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുക എന്ന ഒരൊറ്റ ലക്ഷ്യം വച്ച് ഐഎസ്എല്‍ ഫുട്ബോളില്‍ വിജയതുടർച്ചയ്ക്കായാണ് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. ചെന്നൈയിന് എഫ്സിയാണ് എതിരാളി.ഏഴ് പോയിന്റ് മാത്രമുള്ള ചെന്നൈയിന് ഏഴാം സ്ഥാനത്താണ്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ് ബ്ലാസ്റ്റേഴ്സും ചെന്നൈയിനും. ഐഎസ്എലില്‍ ഇതുവരെ കളിച്ച 20 മത്സരങ്ങളില്‍ ആറ് മത്സരങ്ങള്‍ വീതം ഇരുടീമുകളും ജയിച്ചു. ബാ്ക്കി കളികള്‍ സമനിലിയില്‍ പിരിഞ്ഞു.. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കളി. മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയെ ഒരു ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്… ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സില്‍ അംഗമാവുകയെന്നത് വലിയ ഉത്തരവാദിത്തമാണെന്നാണ് കോച്ച് ഇവാന് വുകോമനോവിച്ച് ഇന്നലെ പ്രിമാച്ച് പ്രസ്മീറ്റിൽ പറഞ്ഞത്.
. ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ കുരത്തെന്നും വുകോമനോവിച്ച് പറഞ്ഞു. ”ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഫുട്ബോള്‍ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം ഗ്രൗണ്ടിലും എതിരാളികളുടെ ഗ്രൗണ്ടിലും ഇത്രയേറെ പിന്തുണ കിട്ടുന്ന മറ്റൊരു ടീമില്ല. ഇതുകൊണ്ടുതന്നെ ടീം ആരാധകരോട് എപ്പോഴും കടപ്പെട്ടിരിക്കുന്നു. അവര്‍ക്കായി മികച്ച പ്രകടനം നടത്താന്‍ പരിശ്രമിക്കുന്നുണ്ട്.’എന്നും’ കോച്ച് പറഞ്ഞു.’ടീമിന്റെ ലക്ഷ്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ”കളിമികവിനൊപ്പം വ്യക്തിത്വ വികസനവും പരിശീലനത്തിലൂടെ പകര്‍ന്ന് നല്കുന്നു. മികച്ച താരങ്ങളെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയുമാണ് ടീമിന്റെ ലക്ഷ്യം.”എന്നും ഇവാൻ ആശാൻ പറയുകയുണ്ടായി. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ തോല്‍വിയറിയാതെയാണ് സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്.ഇന്ന് വിജയിച്ചാല്‍ 19 പോയിന്റുമായി കൊമ്പന്മാര് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കും. എന്നാല്‍ ഗോവ ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് ഒരു മത്സരം കുറവാണ് കളിച്ചത്. ഇന്ന് സമനില നേടാനായാല്‍ പോലും ബ്ലാസ്റ്റേഴ്സിന് വീണ്ടും ഗോവയെ മറികടന്ന് ടേബിള്‍ തലപ്പത്തെത്താം. സീസണിലെ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ചെന്നൈയിന് എഫ്സി ഇന്ന് കൊച്ചിയില്‍ കളിക്കാനിറങ്ങുന്നത്. സീസണില്‍ ഇതുവരെ മികച്ച ഫോമിലേക്കുയരാന്‍ കഴിയാത്തത് അവര്‍ക്ക് തിരിച്ചടി തന്നെയാണ്. കളിച്ച 7 കളികളില്‍ നാലും തോറ്റ അവര്‍ ജയിച്ചത് രണ്ടില്‍ മാത്രം. ഒരെണ്ണം സമനിലയിലും പിരിഞ്ഞു.വിലക്കിന് ശേഷം കളത്തിലെത്തിയ മിലോസ് ഡ്രിന്‍സിച്ചിന്റെ ഗോളിലാണ് കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. പ്രതിരോധ താരമാണെങ്കിലും ഈ മോണ്ടിനെഗ്രോക്കാരൻ കളത്തില്‍ എല്ലായിടത്തുമെത്തി. പന്തടക്കത്തില്‍ പിന്നിലായ ബ്ലാസ്റ്റേഴ്സ് നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വല ലക്ഷ്യമാക്കി പന്തെത്തിയത് രണ്ടു തവണ മാത്രമായിരുന്നു.
ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയില്ലെന്ന പോരായ്മയുണ്ട്. അതോടൊപ്പം പ്രതിരോധ നിര മികച്ച കളിയാണ് പുറത്തെടുത്തത്. ഡാനിഷ് ഫാറൂഖ് ഉള്‍പ്പെടുന്ന മധ്യനിരയും മികച്ച പ്രകടനമാണ് നടത്തിയത്. പോരായ്മകള്‍ നികത്തി ചെന്നൈയിനെതിരെ മികച്ച വിജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. അഡ്രിയാന്‍ ലൂണ, ക്വാമ പെപ്ര, ഡയ്സുകെ, രാഹുല്‍ തുടങ്ങിയ താരങ്ങള്‍ ഹൈദരാബാദിനെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ക്വാമ പെപ്ര ഗോളടിക്കുന്നതില്‍ മികവു കാണിക്കുന്നില്ല എന്നതാണ് ടീമിന് ദോഷകരമായിട്ടുള്ളത്. ഗോള്‍വലക്ക് കീഴില്‍ സച്ചിന് സുരേഷിന്റെ മികവും വിജയത്തില്‍ നിര്‍ണായകമായി. ടീമില്‍ ആശാൻ ഇവാന് വുകോമനോവിച്ച് കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല.സീസണില്‍ ചെന്നൈയിന്റെ നാലാമത്തെ എവേ മത്സരമാണ് കൊച്ചിയില്‍. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങി.
കൊച്ചിയിലെ ആരാധകര്‍ക്ക് മുന്നിലെ മത്സരം വെല്ലുവിളി നിറഞ്ഞതാണെങ്കിലും മികച്ച പ്രകടനം നടത്തി വിജയമാണ് ടീം ലക്ഷ്യമിടുന്നതെന്ന് ചെന്നൈയിന് പരിശീലകന് ഓവന് കോയില്‍ പറഞ്ഞു. മുന്‍ ബ്ലാസ്റ്റേഴ്സ് താരം വിന്‍സി ബരേറ്റയുള്പ്പെടെ ചെന്നൈ നിരയിലുണ്ട്. റഹീം അലി ടീമില്‍ തിരിച്ചെത്തുമെന്ന് സൂചന നല്കിയ കോച്ച്, ജോര്‍ദാന്‍ മുറെയുടെ പരിക്കിന് കാര്യമായ മാറ്റമുണ്ടെന്നും അറിയിച്ചു. പോയിന്റ് ടേബിളിൽ 16 പോയിന്റുമായി എഫ്സി ഗോവയാണ് മുന്നില്‍. ഇത്രതന്നെ പോയിന്റുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോള്‍ വ്യത്യാസത്തില്‍ പിന്നിലാണ്.