ഒരുക്കങ്ങള്‍ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ബ്രൈസ് മിറന്‍ഡയെ ടീമിലെത്തിച്ച് കൊമ്പന്മാര്
അടുത്ത ആഭ്യന്തര ഫുട്ബോള്‍ സീസണിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണിലേക്കുള്ള ആദ്യ സൈനിംഗ് പൂര്‍ത്തിയാക്കിയ ടീം കഴിഞ്ഞ ദിവസം താരത്തിന്റെ പേര് വെളിപ്പെടുത്തി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ മുംബൈ സ്വദേശി ബ്രൈസ് മിറാന്‍ഡയാണ് അടുത്ത സീസണില്‍ മഞ്ഞക്കുപ്പായമണിയുക.
മുംബൈ എഫ്സിയില്‍ പന്തുതട്ടിത്തുടങ്ങിയ മിറാന്‍ഡ 2018ല്‍ യൂണിയന് ബാങ്ക് എഫ്സിക്ക് വേണ്ടിയാണ് സീനിയര്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് എഫ്സി ഗോവയുടെ ബി ടീമിലും ഇന്‍കം ടാക്സ് എഫ്സിയിലും കളിച്ച മിറാന്‍ഡ 2020ല്‍ ആണ് ഐ ലീഗില്‍ മത്സരിക്കുന്ന ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്സില്‍ എത്തുന്നത്. രണ്ടു സീസണുകളില്‍ നിന്നായി രണ്ടു ഗോളും അഞ്ച് അസിസ്റ്റും ബ്രൈസ് നേടിയിട്ടുണ്ട്. ഐ ലീഗിലെ പ്രകടനം ബ്രൈസിന് യുഎഇയില്‍ നടന്ന അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമിലേക്കുള്ള വഴിതെളിക്കുകയും ചെയ്തിരുന്നു.
മധ്യനിര ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 22കാരന് ബ്രൈസ് മിറാന്‍ഡയെ ബ്ലാസ്റ്റേഴ്സ് പാളയത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പുടിയയും ജീക്സണും നിറഞ്ഞാടിയ ഡിഫന്‍സീവ് മിഡ്ഫീല്ഡിലേക്കാണ് മിറാന്‍ഡയും എത്തിച്ചേരുന്നത്. ഇതോടെ മിഡ്ഫീല്‍ഡിലെ ഇന്ത്യന്‍ ബെഞ്ചിന്റെ കരുത്തും വര്‍ധിക്കുകയാണ്.
ബാസ്റ്റേഴ്സില്‍ ചേരാനായതില്‍ അതിയായ സന്തോഷമെന്നും കൊച്ചിയില്‍ എത്തിച്ചേരാനും അതിശയിപ്പിക്കുന്ന ആരാധകരുടെ മുന്നില്‍ കളിക്കാനും താന്‍ കാത്തിരിക്കുകയാണെന്നും ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ട വീഡിയോയില്‍ ബ്രൈസ് മിറാന്‍ഡ പറഞ്ഞു. ബ്രൈസ് ടീമിനോടൊപ്പം ചേരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് താരം ടീമിനോടൊപ്പം വേഗം പൊരുത്തപ്പെടുമെന്ന പ്രതീക്ഷ പങ്കുവെച്ചു.
Content Highlight: Kerala Blasters, Bryce Miranda, New Signing, 2022-23 Football Season, ISL 2022-23