അര്‍ജന്റീനയുടെ തലവര മാറ്റിയ ആശാന്. മെസിയുടേയും…
മിശിഹായുടെ ആരാണ് അയാള്‍… മിശിഹായുടെ വഴികാട്ടിയോ… മിശിഹായുടെ കിരീടധാരണത്തിന് കളമൊരുക്കിയവനോ… ഇതയാളുടെ കൂടി ലോകകപ്പാണ്… വെള്ളവരയ്ക്ക് പുറത്തിരുന്ന് കളിമെനഞ്ഞവന്… തന്ത്രങ്ങളൊരുക്കിയവന്… അതെ ലിയോണല്‍ സെബാസ്റ്റിയന് സ്കലോണി എന്ന നാല്‍പ്പത്തിനാലുകാരന്റെ കൂടി ലോകകപ്പ്.
2006 ലോകകപ്പില്‍ മെസിക്കൊപ്പം കളിച്ചവന്. കളിക്കളത്തില്‍ ചോര കൊടുത്തും കൂടെനില്‍ക്കുന്ന കളിക്കാര്‍ക്ക് തന്ത്രങ്ങള്‍കൊണ്ട് കപ്പ് നേടിക്കൊടുത്തവന്. ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചവന്. റൊസാരിയോ തെരുവിലെ മുത്തശിമാര്‍ക്ക് പാടിക്കൊടുക്കാന്‍ വീരേതിഹാസം രചിച്ചവന്. ചിരവൈരികളായ ബ്രസീലിനെ തോല്‍പ്പിച്ച് കോപ്പ കിരീടം നേടിക്കൊടുത്തവന്. യൂറോപ്യന്‍ വമ്പന്മാരായ ഇറ്റലിയെ വീഴ്ത്തി ഫൈനലിസ്മ കിരീടം വാങ്ങിക്കൊടുത്തവന്‍. ഖത്തറില്‍ സാക്ഷാല്‍ ലിയോണല്‍ മെസിയുടെ കിരീടധാരണത്തിന് വഴിയൊരുക്കിയവന്. ലിയോണല്‍ സെബാസ്റ്റിയന് സ്കലോണി…
മിശിഹ പോലും നിരായുധനായി നിന്നൊരു കാലം അത്ര പെട്ടെന്ന് മറക്കാനാകുമോ. രക്ഷകനാകാന്‍ കഴിയാതെ മിശിഹ തലതാഴ്ത്തി തിരികെ നടന്നതും, അവന് കണ്ണീര് വാര്‍ത്തതും ഒരു ജനതയൊന്നാകെ ഒപ്പം കരഞ്ഞതുമായ 2018ലെ ആ ഭീകരരാത്രി ഓര്‍മയിലിങ്ങനെ തികട്ടി വരുന്നില്ലെ. ആ ജനതയ്ക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് പലരും വിധിയെഴുതി. ഭൂതകാല കുളിരുകള്ക്കൊന്നും അവരെ ഉയിര്ത്തെഴുന്നേല്പ്പിക്കാനായില്ല. അര്‍ജന്റീനന്‍ യുഗം അവസാനിച്ചെന്ന് ഫുട്ബോള്‍ ലോകം വിധിയെഴുതിയ കാലം. ലോകകപ്പ് യോഗ്യത മത്സരത്തില്‍ തോറ്റ് തോറ്ര് അവസാനം വിശ്വപോരിന് അര്‍ജന്‍രീന കഷ്ടിച്ച് കടന്നുകൂടിയ ആ കാലം. 2018ല്‍ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ സാംപോളി പരിശീലക സ്ഥാനമൊഴിഞ്ഞു. പരിശീലക സംഘത്തിലുണ്ടായിരുന്ന സ്കലോണി പരിശീലക കുപ്പായമണിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ് പ്രതീക്ഷകളസ്തമിച്ച് അര്‍ജന്റീന ടീമിനെ പിന്നീടങ്ങോട്ട് അയാള്‍ കൈപിടിച്ച് നടത്തുകയായിരുന്നു. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന മിടുക്കന്മാരെ ടീമിലേക്കെത്തിച്ചു. റോഡ്രിഗോ ഡി പോള്‍, എമിലിയാനോ മാര്‍ട്ടിനസ്, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഗൈഡോ റോഡ്രിഗസ് തുടങ്ങി ഒരു പിടി പ്രതിഭകളുടെ കടന്നുവരവ് ടീമിന് ഉണര്‍വേകി. അര്‍ജന്റീനയുടെ പരമ്പരാഗത ശൈലിയും ലാറ്റിനമേരിക്കന്‍ കളിയഴകും കെട്ടിപ്പിടിച്ചിരിക്കാതെ കളി ജയിക്കാനുള്ള പ്രായോഗിത തന്ത്രങ്ങളാണ് സ്കലോണി പയറ്റിയത്. എന്ത് വില കൊടുത്തും കളി ജയിക്കണമെന്നതായിരുന്നു സ്കലോണിയുടെ മന്ത്രവും തന്ത്രവും. കലിക്കാരെ മാറ്റി മാറ്റി പരീക്ഷിച്ചു.
സ്കലോണി യുഗത്തില്‍ പിന്നീട് കണ്ടത് പുതിയ അര്‍ജന്റീനയെയാണ്. തുടര്‍ തോല്‍വികളില്‍ കൂട്ടം തെറ്റി ചിതറിപ്പോയ ഒരു സംഘത്തില്‍ നിന്ന് വിജയദാഹമുള്ള ഒരു പറ്റം കളിക്കാരുടെ കൂട്ടമായി അര്‍ജന്റീന മാറി. സ്കലോണി മാറ്റിയെടുത്തു അര്‍ജന്റീനയെ. തോല്‍വിയറിയാതെ കോപ്പയില്‍ കിരീടം. യോഗ്യതാ മത്സരങ്ങളില്‍ തുടര്‍വിജയങ്ങള്‍. വന്‍കരകളുടെ പോരില്‍ ഫൈനലിസ്മയില്‍ യൂറോ ചാംപ്യന്മാരായ ഇറ്റലിയെ ഏകപക്ഷീയമായി തകര്‍ത്ത് മറ്റൊരു കിരീടം. പരാജയമറിയാത്ത തുടര്‍ച്ചയായ 36 മത്സരങ്ങള്‍. അര്‍ജന്റീന വിരുദ്ധര്‍ പോലും ഖത്തറില്‍ മിശിഹ കപ്പുയര്‍ത്തുമെന്ന് രഹസ്യമായും പരസ്യമായും പറഞ്ഞു തുടങ്ങി. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ എല്ലാം തകിടം മറിഞ്ഞു. സൗദിയോട് തോറ്റു. സ്കലോണിയുടെ തന്ത്രങ്ങള്‍ ആദ്യ റൗണ്ടില്‍ തന്നെ അവസാനിക്കുമെന്ന് കളിയാരാധകര്‍ വിധിയെഴുതി.
പിന്നീട് ഖത്തറും ഫുട്ബോള്‍ ലോകവും കണ്ടത് ചരിത്രം. മെക്സിക്കോയെ പൊരുതി തോല്‍പ്പിച്ച് പ്രതീക്ഷകള്‍ നിലനിര്‍ത്തി. പോളണ്ടെന്ന പരീക്ഷണവും സ്കലോമിപ്പട മരികടന്നു. ഓസ്ട്രേലിയയെ പ്രീക്വാര്‍ട്ടറിലും തോല്‍പ്പിച്ചെങ്കിലും മിശിഹായുടെ കിരീടധാരണം സ്വപ്നം കാണാറായിട്ടില്ലായിരുന്നു. ഓരോ കളിയിലും ഓരോ തന്ത്രമാണ് സ്കലോമി പുറത്തെടുത്തത്. വെള്ളവരയ്ക്ക് പുറത്തിരുന്ന് ശാന്തനായി ആ പതിനൊന്നുപേരെ അയാള്‍ നിയന്ത്രിച്ചു. ക്വാര്‍ട്ടറില്‍ സാക്ഷാല്‍ ഹോളണ്ട്. അവരും സ്കലോണിയുടെ തന്ത്രത്തില്‍ വീണുപോയി. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരയുള്ള ക്രൊയേഷ്യ സെമിയില്‍ വെല്ലുവിളിയാകുമെന്ന് കരുതി. സ്കലോണിക്കും അയാളുടെ പിള്ളേര്‍ക്കും എന്ത് ക്രൊയേഷ്യ. ആ കടമ്പയും കടന്ന് ഫൈനല്‍ പോരിന്. എതിരാളി നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ്.
രണ്ട് കോപ്പ അമേരിക്ക ഫൈനുകലില് ചിലെയോട് തോറ്റ അര്‍ജന്റീനയെ 2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോട് തോറ്റ അര്‍ജന്റീനയെ ചില നേരത്തെങ്കിലും ആരാധകര്‍ പേടിയോടെ ഓര്‍ത്തു. പക്ഷെ ആ മത്സരങ്ങളും ഇപ്പോഴത്തെ അര്ജന്രീയും തമ്മില്‍ ഒരു സ്കലോണിയുടെ ദൂരം, സ്കലോണിയുടെ വ്യത്യാസമുണ്ടായിരുന്നു. മെസിയും ഡി മരിയയും ഗോളടിച്ച് ആദ്യപകുതിയില്‍ അപ്രമാദിത്യം നേടിയിട്ടും രണ്ടാം പകുതിയില്‍ എംബപ്പെ എന്ന ഇരുപത്തിമൂന്നുകാരന് അര്‍ജന്റീനയെ ഒറ്റയ്ക്ക് വെല്ലുവിളിച്ചു. ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. അധിക സമയത്ത് മിശിഹ വീണ്ടും രക്ഷകനായി. ജയമുറപ്പിച്ചു. പക്ഷെ കീഴടങ്ങാന്‍ തയാറാകാതിരുന്ന എംബപ്പെ വീണ്ടും അര്‍ജന്റീനയുടെ കിരീടസ്വപ്നങ്ങളെ കുറച്ച് തേരത്തേക്കെങ്കിലും തടഞ്ഞു. ലുസൈലിലെ കോര്‍ണറില്‍ ആ കനകക്കിരീടം സ്കലോണിയേയും പിള്ളേരെയും കാത്തിരുന്നു. ഷൂട്ടൗട്ടില്‍ സ്കലോണിയുടെ തന്ത്രങ്ങള്‍ അര്‍ജന്റീനയ്ക്ക് വിജയമൊരുക്കി. അവസാന മിനിട്ടുകളില്‍ പകരക്കാരെയിറക്കുമ്പോള് സ്കലോണിക്ക് കൃത്യമായ കണക്കുകൂട്ടലുകളുണ്ടായിരുന്നിരിക്കണം. ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണാന്‍ അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് കഴിഞ്ഞതും സ്കലോണി തന്ത്രം തന്നെയല്ലെ.
വെള്ളവരയ്ക്കപ്പുറം ഒരു നോട്ടം കൊണ്ട്, ചെറിയൊരു തലയാട്ടല്കൊണ്ട്, നെറ്റിചുളിക്കല്‍ കൊണ്ട്, മന്ദഹാസം കൊണ്ട് പതിനൊന്നുപേരെ കളത്തില്‍ നിയന്ത്രിച്ച മാന്ത്രികന്. എതിര്‍ടീമിനെ വെല്ലുവിളിക്കാതെ, ഞെട്ടിക്കാതെ, ശബ്ദമുയര്‍ത്താതെ, രോഷപ്രകടനം നടത്താതെ പ്രായോഗിക ഫുട്ബോള്‍ കളിപ്പിച്ച പരിശീലകന്. 2018ല്‍ താല്‍ക്കാലിക പരിശീലകനാകുമ്പോള്‍ അയാള്‍ക്കൊരു ട്രാഫിക് നിയന്ത്രിച്ച് പോലും പരിചയമില്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞത് സാക്ഷാല്‍ മറഡോണ. എന്നാല്‍ 2010ല്‍ മറഡോണയ്ക്കും 2014ല്‍ സാബെല്ലയ്ക്കും 2018ല്‍ സാംപോളിക്കും കഴിയാതിരുന്നത് 2022ല്‍ സ്കലോണി നേടി. അര്‍ജന്റീനയുടെ മൂന്നാം ലോകകിരീടം. മൂന്ന് ഇന്റര്‍നാഷണല്‍ കിരീടങ്ങള്‍ കോപ്പയും ഫൈനലിസ്മയും ലോകകപ്പും സ്കലോണി സ്വന്തം അക്കൗണ്ടിലാക്കി.
സൗദിയോട് തോറ്റപ്പോള്‍ തിരിച്ചുവരുമെന്ന് ആാധകര്ക്ക് ഉറപ്പ് നല്കിയ, സെമി കടന്നപ്പോള്‍ മെസിയെ കെട്ടിപ്പുണര്‍ന്ന, ഫൈനലിന് മുന്‍പ് നാട്ടുകാരോട് സംസാരിക്കുമ്പോല് കൊച്ചുകുട്ടിയെപ്പോലെ വാവിട്ട് കരഞ്ഞ, ലുസൈലിലെ ഇരുട്ടില്‍ കാത്തിരുന്ന കനകക്കിരീടം നിറകണ്ണുകളോടെ നോക്കി നിന്ന അയാള്‍ ശരിക്കും ആരാണ്. അര്‍ജന്റീനയുടെ തലവര മാറ്റിയ ആശാന്. ലിയോണല്‍ സെബാസ്റ്റിയന് സ്കലോണി. ഇതയാളുടെ കൂടെ ലോകകപ്പാണ്. മിശിഹായ്ക്കൊപ്പം, അല്ലെങ്കില്‍ അതിനേക്കാള്‍ മുകലില്‍ ഈ പേരും ഫുട്ബോല്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുക തന്നെ വേണം.