മെസ്സി അവതരിച്ചു; കാനഡ കടന്ന് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍
കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ കാനഡയെ തകർത്ത് അർജന്റീന ഫൈനലില്‍. സൂപ്പർ താരം ലയണല്‍ മെസ്സി ടൂർണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോകചാമ്ബ്യൻമാരുടെ ജയം. ആദ്യ പകുതിയില്‍ ജൂലിയൻ അല്‍വാരസും രണ്ടാം പകുതിയില്‍ മെസ്സിയും ഗോള്‍ നേടി. വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ നേരിടുക.
22-ാം മിനിറ്റില്‍ മുന്നേറ്റതാരം ജൂലിയൻ അല്‍വാരസാണ് ലോകചാമ്ബ്യൻമാരെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റില്‍ മെസ്സിയും ഗോള്‍ നേടി. കാനഡയുടെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്താണ് രണ്ട് ഗോളുകളും നേടിയത്. കാനഡയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളി എമിലിയാനോ മാർട്ടിനസ് രക്ഷകനായി. അർജന്റീന പ്രതിരോധവും മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് സ്റ്റേജിൽ മത്സരിച്ചപ്പോളും അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.
22-ാം മിനിറ്റിലാണ് ലോകചാമ്ബ്യൻമാരുടെ ആദ്യ ഗോളെത്തിയത്. മൈതാനമധ്യത്തില്‍ മാർക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന റോഡ്രിഗോ ഡി പോള്‍, മുന്നേറ്റ താരം ജൂലിയൻ അല്‍വാരസിലേക്ക് ഫോർവേഡ് പാസ് നല്കി. കാനഡ പ്രതിരോധത്തെ പിളർത്തിക്കൊണ്ട് മുന്നോട്ടാഞ്ഞ അല്‍വാരസ് പന്ത് അനായാസം വലയിലെത്തിച്ചു (1-0). രണ്ടാംപകുതിയിലായിരുന്നു മെസ്സിയുടെ ഗോള്‍. ബോക്സിന്റെ എഡ്ജില്‍വെച്ച് മധ്യനിര താരം എൻസോ ഫെർണാണ്ടസ് പിറകിലേക്ക് നല്കിയ പാസ് കനേഡിയൻ താരത്തിന്റെ കാലിലെത്തി. ബോക്സിന് പുറത്തുകടത്താൻ ശ്രമിച്ച് അടിച്ച പന്ത് പക്ഷേ, അർജന്റീനാ താരത്തിന്റെ കാലിലെത്തി. വല ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലില്‍ നേരിയ തോതില്‍ തട്ടി വലയിലേക്ക്. കോപ്പയിലെ മെസ്സിയുടെ ആദ്യ ഗോള്‍ (2-0).
അർജന്റീനയുടെ തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക ഫൈനലാണിത്. 2021 കോപ്പ അമേരിക്ക കിരീടം, 2022 ലോകകപ്പ് കിരീടം എന്നിവ കഴിഞ്ഞ് മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പ്രധാന അന്താരാഷ്ട്ര ചാമ്ബ്യൻഷിപ്പ് നേടുന്നതിലാണ് അർജന്റീനയുടെ കണ്ണ്. ഫൈനലില്‍ വിജയിച്ചാല്‍ കോപ്പ അമേരിക്കയിലെ തുടർച്ചയായ രണ്ടാം ജയമായിരിക്കും.