മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന-ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടി. 17 അംഗ ഏകദിന ടീമിലാണ് സഞ്ജു ഇടം നേടിയത്.ഏകദിന ടീമിനെയും ടെസ്റ്റ് ടീമിനെയും രോഹിത് ശര്‍മ തന്നെ നയിക്കും. ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ടെസ്റ്റില്‍ അജിങ്ക്യ രഹാനെയും വൈസ് ക്യാപ്റ്റനാകും. ടെസ്റ്റ് ടീമില്‍ നിന്ന് ചേതേശ്വര്‍ പൂജാര പുറത്തായതാണ് ഏറ്റവും വലിയ വാര്‍ത്ത. പകരം യശസ്വി ജയ്സ്വാള്‍ ടീമിലിടം നേടി. ഋതുരാജ് ഗെയ്ക്വാദും ടീമിലിടം നേടിയിട്ടുണ്ട്. നവ്ദീപ് സൈനി ടെസ്റ്റ് ടീമില്‍ തിരികെയെത്തി. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.ഏകദിനത്തില്‍ സഞ്ജുവിനെക്കൂടാതെ ഇഷാന് കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഉമ്രാന് മാലിക്, മുകേഷ് കുമാര്‍, ജയ്ദേവ് ഉനദ്കട്ട് എന്നിവരും ടീമിലിടം നേടി. ശിഖര്‍ ധവാന് ടീമിലില്ല. ടെസ്റ്റ് പരമ്പരയാണ് ആദ്യം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ജൂലായ് 12 നും രണ്ടാം ടെസ്റ്റ് ജൂലായ് 20 നും ആരംഭിക്കും. ഏകദിന പരമ്പര ജൂലായ് 27 ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയ്ക്ക് ശേഷം ട്വന്റി 20 പരമ്പരയുമുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.