സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി; ബംഗാളിന് കിരീടം
റോബി ഹൻസ്ദ ഇഞ്ചുറി ടൈമിൽ നേടിയ നിർണ്ണായക ഗോളിൽ കേരളത്തെ തോൽപ്പിച്ച് ബംഗാളിന് കിരീടം. സന്തോഷ് ട്രോഫി ടൂർണമെന്റിൽ 33-ാം കിരീടമാണ് ബംഗാളിന്റെത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തും ഗോൾ രഹിതമായതിന് ശേഷമായിരുന്നു ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോൾ വന്നത്.
ബംഗാളിന്റെ നീക്കങ്ങളോടെയാണ് മത്സരം തുടങ്ങിയത്. തുടക്കത്തിൽ തന്നെ രണ്ട് തുടർ ഫ്രീകിക്കുകളും അവർക്ക് ലഭിച്ചു. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമുണ്ടായത്. പന്തുമായി കുതിച്ച നസീബിനെ ബംഗാൾ പ്രതിരോധ താരം തടഞ്ഞു. 11–ാം മിനിറ്റിൽ കേരളത്തിന്റെ നിജോ ഗിൽബർട്ട് നൽകിയ ക്രോസിൽ അജ്സാലിന്റെ ഹെഡർ പുറത്തേക്കു പോയി. 22–ാം മിനിറ്റിൽ ത്രൂ ബോളായി ലഭിച്ച പന്ത് ബംഗാൾ താരം റോബി ഹൻസ്ദ കേരള പോസ്റ്റിലേക്ക് അടിച്ചെങ്കിലും ബാറിനു മുകളിലൂടെ പോകുകയായിരുന്നു.
26–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായ കോർണര്‍ മുന്നേറ്റ നിരയ്ക്ക് മുതലാക്കാൻ സാധിച്ചില്ല. 30–ാം മിനിറ്റിൽ ബംഗാളിന്റെ കോർണർ കേരളത്തിന്റെ ഗോൾ കീപ്പര്‍ എസ് ഹജ്മൽ തട്ടിയകറ്റി. 40–ാം മിനിറ്റിൽ കേരളത്തിന്റെ മുഹമ്മദ് മുഷറഫ് എടുത്ത ഫ്രീകിക്കിൽ റീബൗണ്ടായി പന്ത് താരത്തിന്റെ കാലുകളിൽ തന്നെ വീണ്ടുമെത്തിയെങ്കിലും ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല. 55–ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ ക്രോസിൽ മുഹമ്മദ് അജ്സാൽ തൊടുത്ത ഷോട്ട് ബംഗാൾ ഗോൾ കീപ്പർ സൗരഭ് സമന്ത പിടിച്ചെടുത്തു.
എന്നാൽ 75–ാം മിനിറ്റിൽ നിജോ ഗിൽബർട്ട് പരുക്കേറ്റ് ഗ്രൗണ്ടിൽ വീണു പുറത്ത് പോയത് കേരളത്തിന് തിരിച്ചടിയായി. ഒടുവിൽ ആറ് മിനിറ്റിന്റെ അധിക സമയത്ത് കേരളത്തിന്റെ ചങ്ക് പിളർത്തിക്കൊണ്ട് ബംഗാളിന്റെ ഗോൾ വന്നു. 94–ാം മിനിറ്റിൽ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ അനായാസമായിരുന്നു ബംഗാൾ താരത്തിന്റെ ഗോൾ. തൊട്ടുപിന്നാലെ കേരളത്തിനു രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും സമനില ഗോൾ നേടാനായില്ല.