സന്തോഷ് ട്രോഫി: കേരളത്തിന്റെ മത്സരം മാറ്റി വെച്ചു
സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ന് നടക്കാനിരുന്ന കേരളത്തിന്റെ മത്സരം മാറ്റിവെച്ചു. രാവിലെ ഒൻപത് മണിക്ക് നടക്കേണ്ട കേരളം -സർവീസസ് മത്സരമാണ് അവസാന നിമിഷം മാറ്റിവെച്ചത്. മത്സരം ഞായറാഴ്ച നടക്കുമെന്നും സ്ഥലവും സമയവും അറിയിക്കാമെന്നും സംഘാടകർ അറിയിച്ചു.
മത്സരത്തിനായി കേരളാ താരങ്ങൾ പുറപ്പെടാൻ നിൽക്കുമ്പോഴാണ് സംഘാടകർ വിവരം അറിയിക്കുന്നത്. ദിബ്രുഗഢ്-ധെമാജി പാതയിലുളള ഒരു ഗ്രാമത്തിൽ രണ്ട് ദിവസമായി യുവജനോത്സവം നടക്കുകയാണ്. അത്കൊണ്ട് അവിടെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. ഇത് മറികടന്ന് ഇരു ടീമുകൾക്കും ഗ്രൗണ്ടിൽ എത്താൻ കഴിയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മത്സരം മാറ്റി വെച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.











