ലോകത്തെ ഞെട്ടിക്കാൻ ആകാശ മൈതാനവുമായി സൗദി അറേബ്യ; 2034 ലോകകപ്പിലെ സെമിഫൈനൽ മത്സരങ്ങൾ നടക്കുന്നത് സ്കൈ സ്റ്റേഡിയത്തിൽ
2034 ൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി, സൗദിയിൽ ഒരുക്കങ്ങൾ ഇപ്പോളേ തകൃതിയായി നടക്കുകയാണ്. അതിനിടെ ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ചില പുത്തൻ നിർമ്മിതികളും സഊദിയിൽ നടക്കുന്നുണ്ട് എന്നാണ് റിപ്പോർറ്റുകൾ.
ഈ ലോകകപ്പിന്റെ ഭാഗമായി ലോകത്തിലെ ആദ്യ ‘സ്കൈ സ്റ്റേഡിയം നിർമ്മിക്കാനാണ് സഊദി അറേബ്യ ഇപ്പോൾ ഒരുങ്ങുന്നത്. സഊദിയുടെ പുതിയ ലോകമായ നിയോമിലാണ് പൂർണ്ണമായും സൂര്യനും കാറ്റും വഴി ലഭിക്കുന്ന ഊർജത്തിൽ പ്രവർത്തിക്കുന്ന ഈ സ്റ്റേഡിയം നിർമിക്കുന്നത്.
ഭൂമിയിൽ നിന്നും ഏകദേശം 350 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന നിലയിലായിരിക്കും സ്റ്റേഡിയം നിർമ്മിക്കുകയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ സ്റ്റേഡിയം വരികയാണെകിൽ ലോകത്തിലെ ആദ്യത്തെ സ്കൈ സ്റ്റേഡിയമായി സഊദിയിലേത് മാറും.
46,000 കാണികൾക്കുള്ള ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുന്ന ഈ സ്റ്റേഡിയം 2034 ലെ ഫിഫ വേൾഡ് കപ്പിലെ മത്സരങ്ങൾക്കായി ഉപയോഗിക്കാനാണ് പദ്ധതി. റിപ്പോർട്ടുകൾ പ്രകാരം സ്റ്റേഡിയത്തിന്റെ നിർമാണം 2027-ൽ ആരംഭിച്ച് 2032-ൽ പൂർത്തിയാകും. 2034 ഫിഫ ലോകകപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
2034 ലോകകപ്പ് ലക്ഷ്യമാക്കി വൻ ഒരുക്കങ്ങളാണ് സഊദി അറേബ്യ നടത്തിവരുന്നത്. സഊദി അറേബ്യയിലുടനീളമുള്ള മറ്റ് പത്ത് ഹോസ്റ്റിംഗ് സൈറ്റുകൾക്ക് പുറമേ, റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ എന്നിവിടങ്ങളിലെ 15 സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടക്കും. 2034 ലോകകപ്പിനു രണ്ട് വർഷം മുമ്പ് തന്നെ എല്ലാ സ്റ്റേഡിയങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കുമെന്ന് സഊദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാതിബ് വെളിപ്പെടുത്തിയിട്ടുണ്ട്.
വടക്കൻ റിയാദിലെ കിംഗ് സൽമാൻ ഇന്റർനാഷണൽ സ്റ്റേഡിയം, ഖിദ്ദിയയിലെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, ജിദ്ദ സ്റ്റേഡിയം എന്നിവ 2030 ഓടെ സജ്ജമാക്കും. ബാക്കിയുള്ള സ്റ്റേഡിയങ്ങൾ 2032 ഓടെ പൂർത്തിയാക്കുമെന്നും അഹമ്മദ് അൽ ഖാതിബ് പറഞ്ഞു.
ഫിഫ ലോകകപ്പിന് ആതിഥേയത്വം നാലാമത്തെ ഏഷ്യൻ രാജ്യമാണ് സഊദി. ബ്രസീൽ അവസാനമായി ലോകകപ്പ് നേടിയ 2002ലെ ഫിഫ ലോകകപ്പ് ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി ആതിഥ്യം വഹിക്കുകയായിരുന്നു. അർജന്റീന കിരീടം നേടിയ 2022 ലെ ലോകകപ്പിന് ഖത്തറാണ് ആതിഥേയത്വം വഹിച്ചത്. 2034 ൽ നടക്കുന്ന ലോകകപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. ചരിത്രത്തിലാദ്യമായി ടൂർണമെന്റിൽ 48 ടീമുകൾ ആയിരിക്കും പങ്കെടുക്കുക.
ഈ സ്കൈ സ്റ്റേഡിയം പ്രോജക്ടിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. കായികരംഗത്ത് നിക്ഷേപം വർധിപ്പിക്കാൻ സൗദി അടുത്തിടെ വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ സ്റ്റേഡിയം നിർമ്മാണവും. വേൾഡ് കപ്പിലൂടെ കൂടുതൽ നിക്ഷേപം സൗദിയിൽ എത്തിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.
സ്കൈ ഫുട്ബോൾ സ്റ്റേഡിയം കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നും സ്റ്റേഡിയത്തിന്റെ പണി പൂർണ്ണമാകുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും അധികൃതർ കണക്ക് കൂട്ടുന്നുണ്ട്.
അതേസമയം ആകാശത്തിലെ സ്റ്റേഡിയം എന്ന സ്വപ്ന പദ്ധതിയെ കുറിച്ചുള്ള പ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ അനുകൂലിച്ചും സംശയം പ്രകടിപ്പിച്ചും കുറച്ച് ഫുട്ബോൾ ആരാധകറം രംഗത്ത് വന്നിട്ടുണ്ട്. ഇത്രയും ഉയരത്തിൽ ലോകകപ്പ് പോലൊരു വലിയ മത്സരം എങ്ങനെ നടക്കുമെന്നാണ് അവരുടെ സംശയം. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ ആയതിനാൽ കളിക്കാർ ബുദ്ധിമുട്ടുമെന്നാണ് ആരാധകർ പറയുന്നത്.













