ആള് മാറി വാങ്ങിയ ശശാങ്ക് ഹീറോ ആയി മാറിയ മത്സരം
ഡിസംബറില്‍ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗില്‍ ലേലത്തില്‍ പഞ്ചാബ് കിംഗ്സ് ആള് മാറി വാങ്ങിയ താരമായിരുന്നു ശശാങ്ക് സിംഗ്.
19കാരനായ ശശാങ്കിനെ ലക്ഷ്യമിട്ട പഞ്ചാബ് കിങ്സ് വാങ്ങിയത് 32കാരനായ ശശാങ്ക് സിങിനെ ആയിരുന്നു. അന്ന് പഞ്ചാബ് ആ തെറ്റ് തിരിച്ചറിയും മുമ്ബ് ലേല നടപടികള്‍ കഴിഞ്ഞിരുന്നു. പഞ്ചാബ് പിന്നീട് ഈ ശശാങ്കിനെ തന്നെയാണ് വാങ്ങിയത് എന്ന് വ്യക്തമാക്കി കൊണ്ട് പ്രസ്താവന ഇറക്കി എങ്കിലും അന്ന് അവർക്ക് പറ്റിയ അബദ്ധമാണെന്നത് വ്യക്തമായിരുന്നു.
ഇന്ന് ആ ശശാങ്ക് താൻ അബദ്ധമല്ല ഭാഗ്യമാണെന്ന് തെളിയിക്കുന്നത് കാണാൻ ആയി. ഗുജറാത്തിനെതിരെ ഒരു അവിസ്മരണീയ ഇന്നിങ്സ് കളിച്ച് പഞ്ചാബിനെ ജയത്തില്‍ എത്തിക്കാൻ ശശാങ്കിനായി. ശശാങ്ക് 29 പന്തില്‍ നിന്ന് 61 റണ്‍സുമായി പുറത്താകാതെ നിന്നു പഞ്ചാബിനെ 200 റണ്‍സ് ചെയ്സ് ചെയ്യാൻ സഹായിച്ചു. ആറ് ഫോറും നാല് സിക്സറുകളും ശശാങ്ക് നേടി.
55 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശശാങ്ക് 135.83 സ്ട്രൈക്ക് റേറ്റില്‍ 724 റണ്‍സും 15 വിക്കറ്റും കരിയറില്‍ നേടിയിട്ടുണ്ട്. മുമ്ബ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയർഡെവിള്‍സ്, രാജസ്ഥാൻ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിരുന്ന അദ്ദേഹം ആഭ്യന്തര തലത്തില്‍ ഛത്തീസ്ഗഢിന് പുറമെ മുംബൈയെയും പുതുച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുണ്ട്.