വനിതാ ലോകകപ്പ്; ഇന്ന് കലാശപ്പോരാട്ടം
വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ന് പുതിയ ചാമ്പ്യനെ അറിയാം. സിഡ്നിയില്‍ ഇന്ത്യൻ സമയം പകല്‍ 3.30നാണ് കിരീടപ്പോരാട്ടം. യൂറോപ്പിലെ രണ്ട് വൻ ശക്തികളായ ഇംഗ്ലണ്ടും സ്പെയിനും തമ്മിലാണ് പോരാട്ടം. ഇരു ടീമുകളുടെയും ആദ്യ ലോകകപ്പ് ഫൈനലാണിത്.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ലോകകപ്പിന്റെ ആവേശകരമായ പതിപ്പാണ് അവസാനിക്കുന്നത്. ഇംഗ്ലണ്ടും സ്പെയിനും മനോഹരപ്രകടനങ്ങളുമായാണ് കലാശക്കളിയിലേക്ക് എത്തിയത്. സ്പെയ്നിന്റെ തുടക്കം ആധികാരികമായിരുന്നു. ആദ്യ രണ്ടു കളിയും ജയിച്ച് നോക്കൗട്ട് വേഗത്തില്‍ അവര്‍ ഉറപ്പാക്കി. എന്നാല്‍, ഗ്രൂപ്പുഘട്ടത്തിലെ മൂന്നാംമത്സരത്തില്‍ ജപ്പാനോട് നാല് ഗോളിന് തകര്‍ന്നടിഞ്ഞത് വലിയ ക്ഷീണമായി. നോക്കൗട്ടില്‍ സ്പെയ്നിന്റെ മറ്റൊരു മുഖമാണ് കണ്ടത്.
നെതര്‍ലൻഡ്സിനെ ക്വാര്‍ട്ടറില്‍ 2–-1നാണ് അവർ കീഴടക്കിയത്. സ്വീഡനെതിരായ സെമി ആവേശകരമായി. 89–-ാംമിനിറ്റില്‍ ഓള്‍ഗ കര്‍മോണയുടെ ഗോളില്‍ 2–-1ന്റെ ജയം പിടിച്ച് സ്പെയിൻ ഫൈനലിലേക്ക്.
ഇംഗ്ലണ്ട് തോല്‍വിയറിയാതെയാണ് മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ നൈജീരിയയെ മറികടക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു. ക്വാര്‍ട്ടറില്‍ കൊളംബിയയോട് പിന്നിട്ടുനിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. എന്നാല്‍, സെമിയില്‍ ഓസ്ട്രേലിയയെ മികച്ച കളിയിലൂടെ അവർ കീഴടക്കി. യൂറോ കപ്പിനൊപ്പം ലോകകപ്പുംകൂടി സെറീന വീഗ്മാൻ പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് സംഘം പ്രതീക്ഷിക്കുന്നുണ്ട്.