മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞാണ് കഴിഞ്ഞ ദിവസം യൂറോയില്‍ ജര്‍മനിയെ വെള്ളം കുടിപ്പിച്ചത്
മ്യൂണിക്: യൂറോ കപ്പില്‍ ആതിഥേയരായ ജർമനിയെ എക്സ്ട്രാ ടൈമിലെ ഗോളില്‍ കീഴടക്കി സെമിയില്‍ കടന്നിരിക്കുകയാണ് സ്പെയിൻ.
സ്പാനിഷ് ടീമിനായി ക്വാർട്ടറില്‍ തകർത്ത് കളിച്ചത് യുവതാരം ലമിൻ യമാലായിരുന്നു. ഡാനി ഓല്‍മോയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയതും യമാല്‍ തന്നെ. ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത് യമാലിന്റെ കുട്ടിക്കാലത്തെ ഏതാനും ചിത്രങ്ങളാണ്.
യമാലിന് അഞ്ചു മാസം മാത്രം പ്രായമുള്ളപ്പോള്‍ പകർത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകാൻ കാരണം അവനൊപ്പം നില്ക്കുന്ന താരമാണ്. അന്ന് 20 വയസുള്ള സാക്ഷാല്‍ ലയണല്‍ മെസ്സിയാണ് കുഞ്ഞ് യമാലിനൊപ്പമുള്ളത്. മെസ്സിക്ക് ഇപ്പോള്‍ 37 വയസുണ്ട്. യമാലിന് അടുത്തയാഴ്ച 17 വയസ് തികയും.
യമാലിന്റെ പിതാവ് മുനിർ നസ്രോയിയാണ് ഇപ്പോള്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 2007 ഡിസംബറില്‍ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്. കുഞ്ഞ് യമാലിനെ കുളിപ്പിക്കുന്ന മെസ്സിയുടെ ചിത്രവും ഇതിനൊപ്പമുണ്ട്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ആസ്ഥാനത്തുവെച്ചായിരുന്നു ഈ ചിത്രങ്ങള്‍ പകർത്തിയത്.