ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെലങ്കാന സ്വദേശി പ്രവീൺ കുമാർ ഗാമ്പ (27) ആണ് കൊല്ലപ്പെട്ടത്. വിസ്കോൺസിനിൽ നടന്ന ഒരു കവർച്ചാ ശ്രമത്തിനിടയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പ്രവീണിന്റെ സുഹൃത്തുക്കളും അധികൃതരും ചേർന്നാണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്. പ്രവീൺ ഗാമ്പയുടെ വസതിക്ക് സമീപം അജ്ഞാതരായ അക്രമികൾ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.
പ്രവീൺ ബുധനാഴ്ച രാവിലെ വാട്സ്ആപ്പ് കോൾ വിളിച്ചിരുന്നുവെന്നും പക്ഷേ അത് എടുക്കാനായില്ലെന്നും പിതാവ് രാഘവുലു പറഞ്ഞു. തിരിച്ച് വിളിച്ച സമയത്ത് അപരിചിതനായ ഒരാളാണ് ഫോൺ എടുത്ത് സംസാരിച്ചതെന്നും പിതാവ് പറഞ്ഞു. പ്രവീണിൻ്റെ ശരീരത്തിൽ വെടിയുണ്ടകൾ കണ്ടെത്തിയതായി ചില ബന്ധുക്കൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യഥാർഥ മരണകാരണം എന്താണെന്ന് വ്യക്തമല്ല.