വർക്കല-പാപനാശം കുന്നുകൾ കാത്തിരിക്കുന്നത് വലിയ ദുരന്തമോ?
ദുരന്തം സംഭവിച്ചതിനു ശേഷം പരിഹാരം കണ്ടെത്താൻ കാത്തു നിൽക്കുകയാണോ സർക്കാർ?
കഴിഞ്ഞ 2 ദിവസങ്ങളായി ഒരന്ത്യവും ഇല്ലാതെ പെയ്തുകൊണ്ടിരിക്കുന്ന മഴയലിൽ കനത്ത നാശനഷ്ടങ്ങൾ ആണ് സംസ്ഥാനത്തു പലയിടങ്ങളിലായി സംഭവിച്ചു കൊണ്ടിരിക്കുന്നത് .അതിൽ ഇപ്പൊൾ ഏറ്റവും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് തിരുവനതപുരം വർക്കലയിലെ പാപാനാംശം കുന്നുകളും ,അതിന്റെ സമീപ പ്രദേശങ്ങളും . വലിയ ആശങ്ക ഉയർത്തുന്ന രീതിയിൽ ആണ് പാപനാശം കുന്നുകൾക്കു കനത്ത മഴ ഭീഷണി ആകുന്നത് . കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വർക്കല ഫോർമേഷന്റെ ഭാഗമായ പാപനാശം കുന്നുകൾ വീണ്ടും ഇടിഞ്ഞു വീഴാൻ തുടങ്ങിയിരിക്കുന്നു .ഈ കുന്നുകളിലെ പലയിടത്തായിട്ട് ആണ് ഇടിഞ്ഞു വീഴാൻ തുടങ്ങിയത് . ആലിയിറക്കം ബീച്ചിനും ഏണിക്കൽ ബീച്ചിനും ഇടയിലായിട്ടുള്ള നാലിടങ്ങളിലാണ് കുന്നിടിഞ്ഞത്. കഴിഞ്ഞദിവസം വൈകിട്ടും വ്യാഴാഴ്ച രാവിലെയോടും കൂടി ആയിരുന്നു ഈ ഭാഗങ്ങളിൽ കുന്നിടിച്ചിൽ ഉണ്ടായത് . നിലവിൽ കുന്നിടിച്ചിലിനെ തുടർന്ന് ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ് . കുന്നിന്റെ ഭാഗങ്ങൾ അടർന്ന് ഏതാണ്ട് 30 മീറ്ററോളംആണ് താഴേക്ക് പതിച്ചത് . വരുന്ന അഞ്ച് ദിവസം മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൽ അറിയിക്കുന്നത് . എന്നാൽ തുടർച്ചയായി നാല് ദിവസം ഇത്തരത്തിൽ മഴ തുടരുകയാണെങ്കിൽ ഒരു 2018 ആവർത്തനം പ്രതീക്ഷിക്കാമെന്നും വിവിധ കാലാവസ്ഥ നിരീക്ഷകർ പറയുന്നു . അവിടെയാണ് പാപനാശം പോലുള്ള കുന്നുകലും , അതിന്റെ സമീപ പ്രദേശങ്ങളും , പ്രദേശവാസികളും പ്രതിസന്ധിയിലാകുന്നത് . മഴ ശക്തമാകുന്നതോടെ ഇനിയും വലിയൊരുഭാഗം അടർന്നുവീഴാവുന്ന നിലയിലാണ് പാപനാശം കുന്നുകൾ . നിലവിൽ 15 മീറ്ററിലധികം വീതിയിലും മൂന്ന് മുതൽ എട്ട് മീറ്റർ വീതിയിലുമാണ് കുന്നിടിഞ്ഞിരിക്കുന്നത്. .മഴയേയും കാറ്റിനെയും ചെറുത്തു നിൽക്കാനുള്ള കഴിവില്ലാത്തത് കാരണം മിക്ക കുന്നുകളും തകർച്ച ഭീഷണി നേരിടുകയാണ്. ഴിഞ്ഞ ദിവസം ഉച്ചയോടെ കൊല്ലം നിരകളിൽന്ന് വർക്കല ഫോർമേഷന്റെ ഫേസ് ഒന്നായ ഇടവ വെറ്റക്കട കുന്നുകൾ ഇടിഞ്ഞിരുന്നു മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ വലിയ വ്യാപ്തിയിൽ ആണ് ഇത്തവണ കുന്നിടിച്ചിൽ ഉണ്ടായിരിക്കുന്നത് .പാപനാശം കുന്നിടിച്ചിലിനെ തുടർന്ന് ഉയരുന്ന മറ്റൊരു ആശങ്ക റിസോർട്ടുകളെ സംബന്ധിച്ചു ആണ് . റിസോർട്ടുകളിൽ 5000 രൂപ മുതൽ 10,000 രൂപയ്ക്ക് മുകളിൽവരെ വാടകയുണ്ട്. അവധിക്കാലവും ഹണിമൂണും ഒക്കെ ആഘോഷിക്കാൻ ആയിരങ്ങളാണ് നിത്യേന വർക്കലയിൽ എത്തുന്നത്. എന്നാൽ, ഇവർ ഇവിടെ പതിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് അറിയുന്നില്ല .
മാത്രമല്ല കുന്നുകൾ തുരന്ന് തുരങ്കങ്ങളും ഈ ഭാഗങ്ങളിൽ നിർമ്മിച്ചിട്ടുണ്ട്. കുന്നിനോട് ചേർന്ന് അഞ്ച് മീറ്റർ പോലും ദൂരപരിധി ഇല്ലാതെ സ്വിമ്മിങ് പൂളുകളും കുന്നിൻ മുകളിൽനിന്ന് താഴേയ്ക്ക് ഇറങ്ങുന്നതിന് പലയിടങ്ങളിലായി പത്തിലധികം പടിക്കെട്ടുകളും നിർമ്മിച്ചിട്ടുണ്ട്. ഇതിലൂടെ സഞ്ചാരികൾക്ക് തീരത്തേയ്ക്ക് എത്താം. മുളകളും ഇരുമ്പ് കമ്പികളും സിമന്റും ഒക്കെ ഉപയോഗിച്ചുള്ള അനധികൃത നിർമാണങ്ങൾ കുന്നുകൾക്ക് ഭിഷണിയായിട്ടുണ്ട്. കടൽക്കാഴ്ചകൾ കാണാൻ കുന്നിൻചെരുവിലേക്ക് നീളുന്ന പ്രത്യേക ഭാഗം ഇരുമ്പ് കമ്പികൾകൊണ്ട് നിർമ്മിച്ചതാണ്. അപകടസാധ്യത വർധിപ്പിക്കുന്ന ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ കണ്ടിട്ടും പ്രാദേശിക ഭരണകൂടം കണ്ണടയ്ക്കുന്നു.
വഷയത്തിൽ ടൂറിസം വകുപ്പ് യാതൊരു ഇടപെടലും നടത്തുന്നില്ല. ദുരന്തം സംഭവിക്കുമ്പോൾ മാത്രം നടപടികൾ എടുക്കാൻ തയ്യാറാവുകയും പിന്നീട് എല്ലാം വിസ്മരിക്കുകയും ചെയ്യുന്നതാണ് വർഷങ്ങളായുള്ള പതിവ്. ജില്ലാ കളക്ടർക്കും ടൂറിസം ഡയറക്ടർക്കും കാലാകാലങ്ങളായി നിരവധി പ്രകൃതിസ്നേഹികൾ പരാതികൾ നൽകിയിട്ടുണെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.കൂടാതെ വർക്കലയിലെ ടൂറിസം വികസനത്തോടൊപ്പം അനധികൃത നിർമ്മാണങ്ങളും വൻതോതിൽ വർധിച്ചു വരികയാണ് . തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ കൃത്യ സമയത്തു അധികൃതർ തടഞ്ഞിരുന്നുവെങ്കിൽ ഇത്തരത്തിൽ അപകടകരമായ ഒരു കുന്നിടിച്ചിൽ ഉണ്ടാകുമായിരുന്നില്ല. ഒരു ചരിത്രവും പ്രത്യേകതകളും നിറഞ്ഞ പ്രദേശമാണ് പാപനാശം കുന്നു സ്ഥിതി ചെയ്യുന്ന സ്ഥലം . ഭൗമശാസ്ത്രജ്ഞർ വർഷങ്ങളായി ഗവേഷണം നടത്തുകയും ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ സംരക്ഷിക്കപ്പെടെണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഉള്ള റിപ്പോർട്ടുകൾ പല തവണ അധികാരികൾക്ക് നൽകിയിട്ടുണ്ട് . എന്നാൽ ഇതൊക്കെ ചെയ്തിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ രീതിയിൽ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല.
മിക്ക രാഷ്ട്രീയ പാർട്ടികളുടെയും പിൻബലത്തിലാണ് ഇത്തരത്തിലുള്ള അനധികൃത നിർമാണം ഈ പ്രദേശത്തു ഉണ്ടാകുന്നത് .കൂടാതെ ഉദ്യോഗസ്ഥതലത്തിലും സ്വാധീനം ചെലുത്തിയാണ് നിർമ്മാണങ്ങൾ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നോർത്ത് സൗത്ത് ക്ലിഫുകൾ പൂർണ്ണമായും ബിസിനസ് മേഘലയായി മാറി. എന്നാൽ സർക്കാരിന് ഇവിടെ നിന്നും കാര്യമായ വരുമാനം ലഭിക്കുന്നില്ല എന്നതാണ് സത്യം . എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട അധികാരികൾ പാപനാശം കുന്നിടിച്ചിലിനു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വലിയൊരു ദുരന്തം ആയിരിക്കാം അവിടം കാത്തിരിക്കുന്നത് . അങ്ങനെ സംഭവിക്കാതിരിക്കട്ടെ