കേരളത്തില്‍ ഇതുവരെ പെയ്തത് 18 ശതമാനം അധികമഴ
തിരുവനന്തപുരം : കടുത്ത ചൂടിനൊടുവില്‍ പെയ്ത വേനല്‍മഴ അതിതീവ്ര മഴയായി പരിണമിച്ചതോടെ സംസ്ഥാനത്ത് ലഭിച്ചത് 18 ശതമാനം അധിക മഴ ലഭിച്ചു.
മാർച്ച് ഒന്ന് മുതല്‍ മെയ് 23 വരെയുള്ള കാലാവസ്ഥ കേന്ദ്രം പുറത്തുവിട്ട കണക്കാണിത്. ഇക്കാലയളവില്‍ 277.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 327.3 മില്ലിമീറ്റർ മഴ ലഭിച്ചു.
പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴലഭിച്ചത്. 510.5 എം.എം മഴയാണ് മെയ് 23 വരെ ലഭിച്ചത്. വേനലില്‍ പെയ്യേണ്ട സാധാരണ മഴയേക്കാള്‍ 19 ശതമാനം കൂടുതലാണ്.
എന്നാല്‍ അധിക മഴയില്‍ ഏറ്റവും മുന്നില്‍ തിരുവനന്തപുരമാണ്. 51 ശതമാനം അധികമഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. പാലക്കാട് ജില്ലയില്‍ 48 ശതമാനവും കോട്ടയത്ത് 35 ശതമാനവും അധികമഴ ലഭിച്ചു.
അതേ സമയം ഈ വേനലില്‍ മഴക്കമ്മി കൂടുതലുള്ളത് ഇടുക്കിയിലാണ്. 28 ശതമാനമാണ് ഇടുക്കിയിലെ മഴക്കമ്മി. കൊല്ലം ജില്ലയിലും എട്ടു ശതമാനം മഴക്കമ്മിയുണ്ട്. ലക്ഷദ്വീപില്‍ 84 ശതമാനവും മാഹിയില്‍ 28 ശതമാനവും അധികമഴ റിപ്പോർട്ട് ചെയ്തു.