അടുത്ത 36 മണിക്കൂറില്‍ കാലവര്‍ഷമെത്തും; 31ന് കേരളത്തില്‍, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
തിരുവനന്തപുരം: കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ആൻഡമാൻ കടല്‍, നിക്കോബർ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാൻ സാധ്യത.തുടർന്ന് മേയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കൻ ഛത്തീസ്ഗഡില്‍ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദപാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യൂനമർദപാത്തി മറാത്ത്വാഡയില് നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാതച്ചുഴിയിലേക്ക് നീണ്ടുനില്ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ആറ്-ഏഴു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ മേയ് 22 ഓടെ സീസണിലെ ആദ്യന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്കുകിഴക്കൻ ദിശയില്‍ സഞ്ചരിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്നു മണിക്കൂറില്‍ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു