ഒരു സ്ത്രീയുടെ ഊര്‍ജ്ജസ്വലമായ പോരാട്ടത്തെ എന്നാണ് നിങ്ങള്‍ സ്വതന്ത്രമായി അടയാളപ്പെടുത്തുക; ഉമ തോമസിന്റെ മനോരമ ചിത്രത്തിന് വിമര്‍ശനം
ചരിത്ര ഭൂരിപക്ഷം നേടി തൃക്കാക്കരയില്‍ വിജയിച്ച ഉമ തോമസിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് മാധ്യമങ്ങള്‍ നടത്തുന്ന കണ്ണീര് വാര്‍ത്താ പ്രചാരണത്തില്‍ വ്യാപക വിമര്‍ശനം. നിയമസഭയിലേക്ക് ഒരു സ്ത്രീ നേടിയ ഉജ്ജ്വല വിജയം എന്ന തരത്തില്‍ കാണേണ്ടതാണ് ഉമയുടെ നേട്ടമെന്നും അതിനെ അന്തരിച്ച പി ടി തോമസിന്റെ ഭാര്യ സഹതാപ തരംഗത്തിലൂടെ നേടിയ വിജയമായി ചിത്രീകരിക്കുന്ന രീതി ശരിയല്ലെന്നുമുള്ള വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. മലയാള മനോരമ പത്രം ഒന്നാം പേജില്‍ നല്കിയ ചിത്രത്തിനെതിരെയാണ് സോഷ്യല്‍ മീഡിയ പ്രധാനമായും രംഗത്തെത്തിയത്.
വിജയിച്ച ശേഷം പി ടിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ എത്തിയ ഉമ തോമസ് വിതുമ്പിക്കരയുന്നു എന്നാണ് മനോരമ ചിത്രത്തിന്റെ അടിക്കുറിപ്പ്. എഴുത്തുകാരി അനു പാപ്പച്ചന് ഫെയിസ്ബുക്ക് പോസ്റ്റില്‍ മനോരമയുടെ ഈ ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജയിച്ച സ്ത്രീയുടെ ഉയര്‍ത്തിയ മുഖമോ നിറയുന്ന ചിരിയോ വിജയിച്ചു ചുരുട്ടിയ കയ്യോ വേണ്ട, കണ്ണീര് മതി ഒരു സ്ത്രീയുടെ ഊര്‍ജ്ജസ്വലമായ പോരാട്ടത്തെ എന്നാണ് നിങ്ങള്‍ സ്വതന്ത്രമായി അടയാളപ്പെടുത്തുകയെന്ന് അനു പാപ്പച്ചന് ചോദിക്കുന്നു.
ഉമ തോമസ് എന്ന വ്യക്തിയുടെ വിജയം വാര്‍ത്തയാകുമ്പോള്‍ അത് പി ടി തോമസിന്റെ ഭാര്യ നേടിയ വിജയം എന്ന ലേബലിലേക്ക് മാത്രം ചുരുക്കപ്പെടുകയാണെന്നും അതിലെ സ്ത്രീവിരുദ്ധത മാധ്യമങ്ങള്‍ കാണാതെ പോകുകയാണെന്നുമുള്ള വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. ദേശാഭിമാനി കാര്‍ട്ടൂണില്‍ വെള്ള സാരിയുടുത്ത ഉമയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെയും വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
Content Highlight: Uma Thomas, Manorama, P T Thomas, Thrikkakara, Byelection