കൊലപാതക കേസിലെ ജാമ്യ വ്യവസ്ഥ ലംഘനം; പണപ്പിരിവ് നടത്തിയ നിരന്തര കുറ്റവാളിയെ പിടികൂടി പൊലീസ്
ജാമ്യ വ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തി പണപ്പിരിവ് നടത്തിയ നിരന്തര കുറ്റവാളിയെ പിടികൂടി പൊലീസ്. നെടുമ്പാശ്ശേരി തുരുത്തിശേരി വിഷ്ണു വിഹാറില്‍ വിനു വിക്രമന് (29) ആണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് വിനു വിക്രമന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അടുവാശ്ശേരി മുതലാളി പീഠിക ഭാഗത്ത് കെട്ടിട സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന പാര്‍ക്കില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപന ഉടമ സുമേഷിനോട് പണം ആവശ്യപ്പെടുകയും ചെയ്തു. പണം കൊടുക്കാതിരിക്കുകയോ, പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ രാത്രി വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സ്ഥാപന ഉടമ പരാതി പൊലീസിന് പരാതി നല്‍കുകയും മുനമ്പത്തുള്ള ഒരു ഹോട്ടലില്‍ നിന്നും വിനുവിനെ പൊലീസ പിടികൂടുകയും ചെയ്തു.
2019 ല്‍ അത്താണിയില്‍വച്ച് ഗില്ലാപ്പി ബിനോയി എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൂടിയാണ് വിനു. വിചാരണ തീരുന്നതുവരെ ജില്ലയില്‍ പ്രവേശിക്കരുതെന്നും, മറ്റു കേസുകളില്‍ പ്രതിയാവരുതെന്നുമുള്ള ഉപാധികളോടെയാണ് വിനു വിക്രമിന് അന്ന് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് പ്രതി സ്വന്തം നാട്ടില്‍ എത്തി പണപ്പിരിവ് നടത്തിയത്. ഇരുപത്തി ഒന്ന് കേസുകളില്‍ പ്രതിയായ ഇയാളെ രണ്ട് പ്രാവശ്യം കാപ്പ ചുമത്തി ജയിലിലാക്കുകയും, ഒരു പ്രാവശ്യം നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എസ്.ഐ പി.ജെ കുര്യാക്കോസ്, ഏഏസ്ഐ ആന്റണി ജെയ്സന്, സി.പി. ഒ മാരായ ലിന്സണ് പൗലോസ്, അഭിലാഷ് (മുനമ്പം) തുടങ്ങിയവരുടെ സംയുക്ത അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Content Highlights – Violation of bail conditions, Culprit Arrested,