ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്ന് മുതല്‍; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദേശം
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്നിന് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കി. പരിസ്ഥിദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്നിന്റെ ഭാഗമായിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്സ്, കൊടികള്‍, മിഠായിയും ഐസ്ക്രീമും പൊതിയുന്ന കവറുകള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, 100 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ എന്നിവ നിരോധിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. കൂടാതെ നഗരമേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.
രാജ്യത്തെ 4804 തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയിട്ടുണ്ട്. ബാക്കി 2100 തദ്ദേശ സ്ഥാപനങ്ങള്‍ ഈ ഉത്തരവ് പ്രാവര്‍ത്തികമാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ പരിശോധിക്കണം. സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തിയും പിഴ ചുമത്തിയും നടപടികള്‍ കര്‍ശനമാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഈ വര്‍ഷം ആദ്യം തന്നെ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് കേന്ദ്ര മാലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉല്പന്ന നിര്‍മാതാക്കള്‍ക്കും കടയുടമകള്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlights – One time use plastic ban, Central Government, Issued guidelines for states