ബിജെപി നേതാവിന്റെ പ്രവാചകനിന്ദ; ഇന്ത്യന്‍ ഉല്പന്നങ്ങള് നീക്കം ചെയ്ത് കുവൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റ്
ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശം ഗള്‍ഫ് രാജ്യങ്ങളില്‍ തിരിച്ചടിക്കുന്നു. കുവൈറ്റിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഇന്ത്യന്‍ ഉല്പന്നങ്ങള് ഷെല്‍ഫില്‍ നിന്ന് പിന്‍വലിച്ചു. അല്‍-അര്‍ദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇന്ത്യന്‍ ഉല്പന്നങ്ങള് പിന്‍വലിച്ച് പ്രതിഷേധിച്ചത്. അരി, തേയില, മുളക്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച് ഇന്ത്യന്‍ ഉല്പന്നങ്ങള് ഞങ്ങള്‍ മാറ്റിയിരിക്കുന്നുവെന്ന് കുറിച്ചിരിക്കുകയാണ്.
കുവൈറ്റിലെ മുസ്ലീങ്ങള്‍ എന്ന നിലയില്‍ പ്രവാചകനെ നിന്ദിക്കുന്നത് ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് സിഇഒ നാസര്‍ അല്‍ മുത്തൈരി പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ബിജെപി മുന്‍ വക്താവിന്റെ ടിവി പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു.
ഇസ്ലാമിക് ഓര്ഗനൈസേഷന് രാജ്യങ്ങള്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായി പ്രസ്താവന നടത്തിയിരുന്നു. ഇതിനെ അപലപിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഒഐസിയുടെ പ്രസ്താവന ഇടുങ്ങിയ ചിന്താഗതിയാണെന്ന പ്രതികരണമാണ് നടത്തിയത്.
Content Highlights: Kuwait, BJP, Super Market