ബിജെപി വക്താക്കളുടെ വിവാദ പരാമര്‍ശം; കടുത്ത അതൃപ്തി അറിയിച്ച് ശൂറ കൗണ്‍സില്‍
ഇന്ത്യയില്‍ ബിജെപി വക്താക്കള്‍ പ്രവാചകനെതിരായ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ഖത്തര്‍ ശൂറ കൗണ്‍സില്‍. സ്പീക്കര്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ അപലപിക്കുകയും രാജ്യത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയുടെ പ്രാധാന്യവും വിലയിരുത്തി.
ഇന്ത്യയില്‍ മുസ്ലീം ജനതയ്ക്കെതിരായ അക്രമങ്ങളും പ്രവാചകനും മതത്തിനും എതിരായ വിദ്വേഷ പ്രചാാരണങ്ങളും അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്ലീം പള്ളികളും മുസ്ലീം ജനവിഭാഗത്തിന്റെ സുരക്ഷയും അവരുടെ അവകാശങ്ങളും മത, സാംസ്കാരിക ഐഡന്റിറ്റിയും സംരക്ഷിക്കപ്പെടണമെന്നും കൗണ്‍സില്‍ ചൂണ്ടി്കകാട്ടി.
പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ അറബ് ലോകത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയിരുന്നു. വിവാദ പരാമര്‍ശത്തിനെതിരെ അറബ് രാജ്യങ്ങളായ കുവൈറ്റ്, ഖത്തര്‍, ഇറാന്, പാകിസ്താന് തുടങ്ങിയവ രംഗത്തെത്തിയിരുന്നു.മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ ബിജെപി നടപടിയെടുത്തിരുന്നു.
Content highlights – Shura Council, Expressing deep dissatisfaction, Controversial remarks by BJP spokespersons