കായംകുളം സ്കൂളില്‍ ഭക്ഷ്യവിഷബാധക്ക് കാരണമായ അരിയില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
കായംകുളം സ്കൂളില്‍ ഭക്ഷ്യവിഷബാധക്ക് കാരണമായ അരിയില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കയച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്യൂട്ടിലാണ് പരിശോധന നടത്തിയത്. സ്കൂളിലെ അരി, പലവ്യഞ്ജനങ്ങള്‍, വെള്ളം എന്നിവയുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്.
പരിശോധനയില്‍ വിളവിന് പാകമാകാത്ത വന്‍പയറാണ് പാചകത്തിനായി ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഇത് കുട്ടികളുടെ ദഹന പ്രക്രിയയെ ദോഷകരമായി ബാധിക്കും. കൂടാതെ പാചകത്തിനായി ഉപയോഗിച്ച വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കായംകുളം പുത്തന്റോഡ് യുപി സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 26 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായത്. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്ക്കയക്കാന്‍ നിര്‍ദേശിച്ചത്. പരിശോധനയില്‍ കുട്ടികളുടെ സാംപിളുകളില്‍ നിന്ന് എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ല. ഇ-കോള ബാക്ടീരിയ കണ്ടെത്തിയ വെള്ളത്തില്‍ ക്ലോറിനേഷന് നടത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദേശം നല്കി.
Contnet Highlights – food poisoning at Kayamkulam school, Dead insect remains found in rice, Alappuzha Virology Institute