അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ബിഹാറില്‍ ട്രെയിനിന് തീയിട്ടു
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കള്‍ ബിഹാറില്‍ ട്രെയിനിന് തീയിട്ടു. സരണ്‍ ജില്ലയിലെ ഛപ്രയിലെ ഒരു പാസഞ്ചര്‍ ട്രെയിനാണ് സമരക്കാര്‍ കത്തിച്ചത്. സൈന്യത്തിലേക്ക് നാലു വര്‍ഷത്തേക്ക് നിയമനം നല്കുന്ന പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിഹാറില്‍ നടക്കുന്നത്. നിര്‍ദ്ദിഷ്ട പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍, റോഡ് ഗതാഗതം തടസപ്പെടുത്തി.
സംസ്ഥാനത്തുടനീളം പ്രതിഷേധക്കാര്‍ പിക്കറ്റിംഗും റോഡ് ഉപരോധവും നടത്തി. ഭഗല്‍പൂര്‍, അര്‍വാള്‍, ബക്സര്‍, ഗയ, മുന്ഗര്, നവാഡ, സഹര്‍സ, സിവാന്‍, ഔറംഗബാദ് എന്നീ ജില്ലകളിലും പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിഹാറില്‍ നിന്നുള്ള സൈനിക റിക്രൂട്ട്മെന്റുകളില്‍ ഭൂരിഭാഗവും ഭോജ്പൂര്, സരണ്‍ എന്നീ രണ്ട് ജില്ലകളില്‍ നിന്നാണ്.
ആരാ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി. ബിഹാറിന് പുറമേ രാജസ്ഥാനിലും, യുപിയിലും അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്ത്യന്‍ സൈന്യത്തിലേക്ക് നാല് വര്‍ഷം മാത്രം നിയമനം നല്കുന്ന പദ്ധതിയാണ് അഗ്നിപഥ്.
ഈ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇതില്‍ തെരഞ്ഞെടുക്കുന്ന ആളുകളെ അഗ്നിവീര്‍ എന്നാണ് വിളിക്കുക. അഗ്നിപഥില്‍ തിരഞ്ഞെടുക്കപ്പെടുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കു മാത്രമേ 15 വര്‍ഷത്തെ സ്ഥിരനിയമനം നല്‍കുകയുള്ളു.
Content Highlights – Central Government, protest against the Agneepath project, Youths set fire to a train in Bihar