മീ ടൂ എന്നാൽ ശാരീരികവും മാനസികവുമായ ഉപദ്രവം; താനത് ചെയ്തിട്ടില്ല: വിനായകൻ
മീ ടുവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമപ്രവർത്തകരുമായി വാക്കേറ്റം നടത്തി വിനായകൻ. ശാരീരികവും മാനസികവുമായ പീഡനങ്ങളെ മീ ടൂ എന്ന പേരിട്ട് നിസാരവൽക്കരിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് വിനായകന് പറഞ്ഞു. പന്ത്രണ്ട് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു വിനായകൻ.
”ഇത്രയും വലിയ കുറ്റകൃത്യത്തെ മീ ടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ? ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചില്ല. വിനായകന് അത്രയും തരംതാഴ്ന്നവനല്ല. നിങ്ങള്‍ എന്നില്‍ ആരോപിച്ച മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന്. മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്.” വിനായകൻ പറഞ്ഞു.
അതേസമയം, ‘ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിനായകൻ ഒരു മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച കാര്യം ചില മാധ്യമപ്രവർത്തകർ ഓർമ്മിപ്പിച്ചു. ഇതേത്തുടർന്ന് വിനായകനും ചില മാധ്യമപ്രവർത്തകരുമായി വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തനിക്ക് ലൈംഗികമായി ബന്ധപ്പെടണമെന്ന് തോന്നിയാല്‍ താന്‍ ആരോടും ചോദിക്കും. ഈ പെണ്‍കുട്ടിയോടും ചോദിക്കും എന്നായിരുന്നു വിനായകൻ അന്ന് മാധ്യമപ്രവർത്തകയോട് ചോദിച്ചത്.
‘ഞാന്‍ ആ പെണ്‍കുട്ടിയെ ഉദ്ദേശിച്ചല്ല പറഞ്ഞത്. അങ്ങനെ വ്യാഖ്യാനിച്ചതാണ്. ആ പെണ്‍കുട്ടിയോട് താന്‍ മാപ്പ് പറഞ്ഞിരുന്നു. സങ്കടമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് വീണ്ടും പറയുന്നു. സങ്കടമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നു’- വിനായകന് പറഞ്ഞു. കൂടാതെ മാധ്യമങ്ങള്‍ തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതായും, ചെയ്യാത്ത കാര്യങ്ങള്‍ ആരോപിച്ചതായും വിനായകന് കുറ്റപ്പെടുത്തി.
‘ഒരുത്തീ’ സിനിമയുടെ പ്രൊമോഷനുവേണ്ടി നടന്ന വാർത്താസമ്മേളനത്തിൽ മീ ടൂവിനെ പരിഹസിക്കുന്ന തരത്തില്‍ വിനായകന് സംസാരിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമായത്. ഒരാളോട് ലൈംഗിക ബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കില്‍ അത് ഞാന്‍ ചെയ്തിട്ടുണ്ടെന്ന് വിനായകന് അന്ന് പറഞ്ഞിരുന്നു.
Content Highlights – Me Too Controversy, Actor Vinayakan