മാധവ വാര്യര്‍ക്ക് നല്‍കാനുള്ളത് രണ്ടരക്കോടിയെന്ന് എച്ച്ആര്‍ഡിഎസ്; ചെക്ക് മടങ്ങിയത് സാങ്കേതികമെന്ന് വിശദീകരണം
മാധവ വാര്യര്‍ക്ക് നല്‍കാനുള്ളത് രണ്ടരക്കോടി രൂപയാണെന്ന് സ്ഥിരീകരിച്ച് എച്ച്ആര്‍ഡിഎസ്. മാധവ വാര്യരുടെ കമ്പനിക്ക് അട്ടപ്പാടിയില്‍ വീടുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയിരുന്നു. 192 വീടുകള്‍ നിര്‍മിക്കാനായിരുന്നു കരാര്‍. ചില വീടുകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് പണം നല്‍കാതിരുന്നതെന്നും പണി പൂര്‍ത്തിയായാല്‍ പണം നല്‍കുമെന്നും എച്ച്.ആര്.ഡി.എസ്. ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.
മാധവ വാര്യര്‍ക്ക് നല്കിയ ചെക്ക് മടങ്ങിയതിന് കാരണം സാങ്കേതികത്വം മാത്രമാണെന്നും അദ്ദേഹവുമായി തര്‍ക്കങ്ങളൊന്നും ഇല്ലെന്നും എച്ച്ആര്‍ഡിഎസ് പറയുന്നു. മാധവ വാര്യര്‍ കെ ടി ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് ജലീല്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസുമായി മാധവവാര്യര്‍ക്ക് തര്‍ക്കങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു.
അട്ടപ്പാടിയില്‍ മാധവ വാര്യരുടെ ഫൗണ്ടേഷന് എച്ച്ആര്‍ഡിഎസിനു വേണ്ടി വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. അവര്‍ പണത്തിന് പകരം വണ്ടിച്ചെക്ക് നല്‍കിയെന്നും മാധവവാര്യര്‍ ഇതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ കേസ് നല്‍കിയെന്നും ജലീല്‍ വ്യക്തമാക്കി. സ്വപ്ന വാര്യരുടെ പേര് പറഞ്ഞത് ഇതിന് പ്രതികാരമായാണെന്നും ജലീല്‍ പറഞ്ഞിരുന്നു. ഇതോടെയാണ് വിശദീകരണവുമായി എച്ച്ആര്‍ഡിഎസ് രംഗത്തെത്തിയത്.
Content Highlights – Swapna Suresh, Gold Smuggling Case, HRDS Says No Dispute with madhava Varier