റോയിട്ടേഴ്സ് ജീവനക്കാരിയുടെ മരണം; ഭർത്താവിനായി ലുക്കൗട്ട് നോട്ടീസ്
ബെംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തക ശ്രുതി ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഭർത്താവ് തളിപ്പറമ്പ് സ്വദേശിയായ അനീഷിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. അനീഷ് കഴിഞ്ഞ രണ്ടര മാസമായി ഒളിവിലാണ്.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൻ്റെ സീനിയർ എഡിറ്ററായ ശ്രുതിയെ മാർച്ച് ഇരുപതിനാണ് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിനടുത്തുള്ള നല്ലൂർഹള്ളി മേയ്ഫെയർ അപ്പാർട്ട്മെൻ്റിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് അനീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രുതിയുടെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു. വിവാഹത്തിന് ശേഷം പണത്തിനായി ശ്രുതിയെ, അനീഷ് നിരന്തരമായി ശാരീരികമായും, മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതാണ് ആത്മഹത്യയിൽ കലാശിക്കാൻ കാരണമായതെന്നും ബന്ധുക്കൾ പറയുന്നു.
ബന്ധുക്കളുടെ ആരോപണങ്ങൾ ശരിവെയ്ക്കുന്നതരത്തിലുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ഭർത്താവിൻ്റെ ക്രൂരപീഡനം താങ്ങാൻ കഴിയാതെയാണ് താൻ ജീവനൊടുക്കുന്നതെന്ന് ശ്രുതിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
എന്നാൽ സംഭവം നടന്ന് രണ്ടുമാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ്. ഒളിവിൽപോയ അനീഷിനായി ബെംഗളൂരു പൊലീസ് കേരളത്തിലുൾപ്പടെ എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേ സമയം ശ്രുതിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ കർമ സമിതി രൂപീകരിച്ചു.
Content Highlight: Reuters journo Sruthy’s death: Police issues lookout notice for husband