നടിയെ ആക്രമിച്ച കേസ്; അതിജീവിതയും ക്രൈംബ്രാഞ്ചും നല്കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ രണ്ടു ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കാട്ടി അതിജീവിത വിചാരണക്കോടതിക്കും സര്‍ക്കാരിനുമെതിരെ നല്കിയ ഹര്‍ജിയും മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയുമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അതിജീവിതയുടെ ഹര്‍ജിയില്‍ ഏതുതരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ തുടര്‍ന്നുള്ള നിലപാട് അതിജീവിത ഇന്ന് കോടതിയെ അറിയിക്കും.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ വിചാരണക്കോടതിക്കെതിരെ ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയാണ് രണ്ടാമത്തേത്. ഹാഷ് വാല്യൂ മാറിയതില്‍ ഫോറന്‍സിക് പരിശോധന വേണമെന്ന പ്രോസിക്യൂഷന് ആവശ്യം കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഇന്ന് ഈ കേസ് പരിഗണിക്കുക. കേസിൽ കക്ഷിചേരാന്‍ ദിലീപിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് ദിലീപ് ഈ കേസില്‍ കക്ഷിചേർന്നേക്കും.
Content Highlights: Actress Assault Case, Dileep, Crime Branch, High Court