രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ
പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമായിരിക്കും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരിനാണ് മുന്‍തൂക്കം. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയെ പരിഗണിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആദ്യം പരിഗണിച്ചിരുന്ന ശരദ് പവാര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി സംസാരിച്ചു.
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ 22 കക്ഷികളെ ഉള്‍പ്പെടുത്തി കഴിഞ്ഞ ആഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗം വിളിച്ചിരുന്നു. 17 കക്ഷികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഭാരതീയ ജനതാ പാര്‍ട്ടി, വൈ.എസ്.ആര്. കോണ്‍ഗ്രസ്, ആം ആദ്മി, ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്, തെലങ്കാന രാഷ്ട്ര സമിതി എന്നീ പാര്‍ട്ടികള്‍ വിട്ടുനിന്നു.
ആദ്യം ശരദ് പവാറിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍ അറിയിക്കുകയായിരുന്നു. ഗുലാം നബി ആസാദ്, ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെ പല പേരുകളും പരിഗണനയില്‍ വന്നെങ്കിലും ഗാന്ധിജിയുടെ ചെറുമകന് ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരാണ് ഏറ്റവും ഒടുവില്‍ ഉയര്‍ന്നുവന്നത്. ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഗോപാല്‍കൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സമ്മതം അറിയിച്ചിട്ടുമുണ്ട്.