രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപിആറിലും വര്‍ദ്ധന
രാജ്യത്ത് രൂക്ഷമായി കൊവിഡ് വ്യാപനം. 4.32 ശതമാനത്തോടെ കൊവിഡ് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയര്‍ന്നു. രാജ്യത്ത് 12,781 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വ്യാപനത്തിലെ വര്‍ദ്ധനവിന് അനുസരിച്ച് മരണസംഖ്യയും വര്‍ധിച്ചു വരികയാണ്. ഇന്നലെ മാത്രം 18 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെ, മൂക്കിലൂടെ നല്കാവുന്ന കൊവിഡ് പ്രതിരോധ വാക്സീന്റെ പരീക്ഷണ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായെന്ന് കൊവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു. 2022 ജനുവരിയിലാണ് നേസല്‍ വാക്സീനിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഡിസിജിഐ (DCGI) അനുമതി നല്‍കിയത്.
അടുത്ത മാസം ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ ഡ്രഗ്സ് കണ്ട്രോളര് ജനറലിന് കൈമാറുമെന്നും അനുമതി കിട്ടിയാല്‍ മൂക്കിലൂടെ നല്കാവുന്ന ലോകത്തിലെ ആദ്യ വാക്സീനാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും ഭാരത് ബയോടെക് ചെയര്മാന് ഡോ. കൃഷ്ണ യെല്ല അവകാശപ്പെട്ടു.