മഹാരാഷ്ട്രയില്‍ കൂട്ട ആത്മഹത്യ; ഒരേ കുടുംബത്തിലെ 9 പേര് മരിച്ചു
മഹാരാഷ്ട്രയിലെ സംഗലിയില്‍ ഒരു കുടുംബത്തിലെ ഒന്‍പതുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ സംഗലിയിലെ മെയ്സല്‍ മേഖലയിലെയിലാണ് സംഭവം നടന്നത്. രണ്ട് വീടുകളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമായി പൊലീസ് പറയുന്നത്. സഹോദരന്മാരായ പോപട് വന്മോര്, ഡോ. മാണിക് വന്മോര് അവരുടെ മാതാവ്, ഭാര്യമാര്‍, നാല് കുട്ടികള്‍ എന്നിവരാണ് മരിച്ചത്.
ഒന്‍പതുപേരും വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. വെറ്ററിനറി ഡോക്ടറായ മാണിക് വന്‍മോറിനും അധ്യാപകനായ പോപട് വന്‍മോറിനും വലിയ സാമ്പത്തിക ബാധ്യതയുള്ളവരാണ്. നിരവധി ആളുകളില്‍നിന്നായി ഇവര്‍ പണം കടം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി.
പാല് വാങ്ങാന്‍ ആരും വരാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ മാണിക് വന്മോറയുടെ വീട്ടില്‍ പോയ അയല്‍ക്കാരിയായ പെണ്‍കുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇവരുടെ മരണവാര്‍ത്ത തൊട്ടടുത്ത് താമസിക്കുന്ന സഹോദരനെ അറയിക്കാന്‍ പോയപ്പോഴാണ് ആ വീട്ടിലെ ആളുകളും മരിച്ചതറിയുന്നത്. രണ്ടു വീടുകളില്‍ നിന്നും ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക സൂചനകള്‍ ആത്മഹത്യയാണെന്ന് സൂചനയുണ്ടെങ്കിലും കേസ് അതീവഗൗരവത്തോടെ അന്വേഷിക്കാന്‍ ആരംഭിച്ചതായി കോലാപുര്‍ ഐ.ജി മനോജ് കുമാര്‍ പറഞ്ഞു. വിശദമായ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പറയാന്വൂ എന്നും പൊലീസ് അറിയിച്ചു.
Content Highlights – Maharashtra, Mass suicide, Nine members of the same family died