ആർഎസ്എസ് മുഖമാസികയുടെ മാധ്യമ സ്കൂളിൻ്റെ റിസോഴ്സ് പേഴ്സൺ ആയി അഡ്വക്കേറ്റ് ജയശങ്കറും എൻ പി ചേക്കുട്ടിയും
ആര്‍എസ്എസ് മുഖവാരികയായ കേസരിയുടെ മാനേജ്മെൻ്റ് നടത്തുന്ന മാധ്യമപഠന സ്ഥാപനത്തില്‍ റിസോഴ്സ് പേഴ്സണുകളായി അഭിഭാഷകനായ അഡ്വ. എ ജയശങ്കറും മുതിര്‍ന്ന മാധ്യമ പ്രവര്ത്തകൻ എന്‍ പി ചേക്കുട്ടിയും. കോഴിക്കോട് ചാലപ്പുറത്ത് സ്ഥിതി ചെയ്യുന്ന കേസരി ആസ്ഥാനത്തെ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലാണ് ഇവർ റിസോഴ്സ് പേഴ്സൺ അയി പ്രവർത്തിക്കുന്നത്.
മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ റിസോഴ്സ് പേഴ്സണുകളുടെ പട്ടികയിൽ ആദ്യത്തെ പേര് അഡ്വക്കേറ്റ് ജയശങ്കറിൻ്റേതാണ്. സംഘപരിവാര്‍ അനുഭാവമുള്ള പത്രപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കുമൊപ്പമാണ് അഡ്വ. ജയശങ്കറിൻ്റെയും എന്‍ പി ചേക്കുട്ടിയുടെയും പേരും ചിത്രവുമടക്കം പട്ടികയിലുള്ളത്.
ജന്മഭൂമി എഡിറ്റർ കെഎൻആർ നമ്പൂതിരി, ബിജെപി വക്താവും ജന്മഭൂമി എഡിറ്ററുമായിരുന്ന കെവിഎസ് ഹരിദാസ്, ജനം ടിവി എഡിറ്റര്‍ ജികെ സുരേഷ് ബാബു, ബിജെപി സംസ്ഥാന സമിതി അംഗവും കേരളാ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ് ഹരി എസ് കര്‍ത്ത, കേരളാ പിഎസ്സി മുന്‍ ചെയര്‍മാനും ബിജെപി സംസ്ഥാന നേതാവുമായ കെഎസ് രാധാകൃഷ്ണന്, കോഴിക്കോട് ആകാശവാണി ഡയറക്ടര്‍ കെഎം നരേന്ദ്രന് എന്നിങ്ങനെ സംഘപരിവാറിലെ ഉന്നതരാണ് റിസോഴ്സ് പട്ടികയിലുള്ള മറ്റ് പ്രമുഖർ.
ചാനല്‍ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ അഡ്വ. ജയശങ്കര്‍ സിപിഐ അംഗവും സിപിഐ അഭിഭാഷക സംഘടനയുടെ നേതൃനിരയിലുള്ളയാളുമാണ്. ഇദ്ദേഹത്തിൻ്റെ പല നിലപാടുകളും സംഘപരിവാർ അനുകൂലമാണെന്ന് സിപിഐഎം നേതാക്കളും അനുഭാവികളും ആരോപണം ഉന്നയിക്കാറുണ്ട്.
ദൃശ്യമാധ്യമങ്ങളിലൂടെ നിരന്തരം പാർട്ടിക്കും പാർട്ടി നയങ്ങൾക്കും പരിപാടികൾക്കുമെതിരെ പരാമർശങ്ങൾ നടത്തിയതിന് അഡ്വ. ജയശങ്കറിനെതിരെ രണ്ടുവർഷം മുൻപ് സിപിഐ നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അദ്ദേഹത്തിൻ്റെ പാര്‍ട്ടി മെംബര്‍ഷിപ്പ് പുതുക്കാതിരിക്കുകയും പാര്‍ട്ടി ലെവി തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടറി പി. രാജുവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് യോഗമാണ് ജയശങ്കറിന്റെ അംഗത്വം പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ജയശങ്കര്‍ സിപിഐ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്ന ആരോപണവും കമ്മിറ്റികളിൽ ഉയർന്നിരുന്നു. എന്നാല്‍, ഈ ജനുവരിയില്‍ ജയശങ്കറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കണ്ട്രോള് കമ്മീഷന് തെളിവെടുപ്പ് നടത്തി അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചെടുക്കുകയായിരുന്നു.
മുൻ എസ്എഫ്ഐ സംസ്ഥാനക്കമ്മിറ്റിയംഗവും ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകനുമായിരുന്നു എൻപി ചെക്കുട്ടി 2012 മേയ്മാസം മുതൽ പോപ്പുലർ ഫ്രൻ്റ് മുഖമാസിക തേജസിൻ്റെ പത്രാധിപരായി പ്രവർത്തിച്ചു വരികയായിരുന്നു. തേജസിൻ്റെ പ്രസിദ്ധീകരണം നിർത്തുന്നതുവരെയും അദ്ദേഹം അതിൻ്റെ പത്രാധിപരായി പ്രവർത്തിച്ചു. ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യമായ എൻപി ചെക്കുട്ടിയും ജയശങ്കറിനെപ്പോലെതന്നെ കടുത്ത സിപിഎം വിരുദ്ധനിലപാടുകൾ പ്രകടിപ്പിച്ചിരുന്നയാളുമാണ് . രണ്ടുപേരുടെയും സംഘപരിവാർ സ്ഥാപനവുമായുള്ള സഹകരണം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.