‘സാപിയോ സെക്ഷ്വല്‍ അല്ല, മുംബൈയില്‍ ഒരു ഫ്ളാറ്റ് നോക്കുന്നു’: ഡേറ്റിംഗ് ആപ്പിലൂടെ വീട് തപ്പി യുവാവ്
യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന ഡേറ്റിംഗ് ആപ്പുകൾ ഇന്ന് മിക്കവര്‍ക്കും സുപരിചിതമാണ്. കേരളമടക്കം മിക്കയിടങ്ങളിലും ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചു വരികയാണ്. എന്നാൽ ഡേറ്റിംഗ് ആപ്പിലൂടെ യോജിച്ച പങ്കാളിയെ തിരയുന്നതിനുപകരം വീട് തപ്പിയിറങ്ങിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. മുംബൈയിലാണ് സംഭവം നടന്നത്.
ബമ്പിള്‍’ എന്ന ഡേറ്റിംഗ് ആപ്പില്‍ യുവാവ് ചേര്‍ത്തിരിക്കുന്ന വിശദാംശങ്ങളുടെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. വീട് എടുക്കുമ്പോൾ നൽകേണ്ടി വരുന്ന ബ്രോക്കര്‍ ചാര്‍ജ് ഒഴിവാക്കാനാണ് ഇദ്ദേഹം ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചതെന്നാണ് പറയുന്നത്.
‘സാപിയോ സെക്ഷ്വല്‍ അല്ല, മുംബൈയില്‍ ഒരു ഫ്ളാറ്റ് നോക്കുന്നു’ എന്നാണ് ഡേറ്റിംഗ് ആപ്പിന്റെ ബയോയില്‍ യുവാവ് എഴുതിയത്. അതിനുശേഷം തനിക്ക് ഹിന്ദി അറിയാത്തത് കൊണ്ട് മുംബൈയിലുള്ള, സഹായമനസ്കരായ ആളുകള്‍ക്ക് വെസ്റ്റേണ്‍ ലൈനില്‍ വാടകയ്ക്ക് വീട് സംഘടിപ്പിക്കാൻ തന്നെ സഹായിക്കാം എന്നും യുവാവ് എഴുതിച്ചേര്‍ത്തു. വ്യത്യസ്തമായ പരസ്യം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.