ലോക്കുകൾ തകർത്ത് ബൈക്കുമായി കടക്കുന്ന കുട്ടിസംഘം പിടിയിൽ
ഞൊടിയിടയിൽ ലോക്കുകൾ തകർത്ത് ബൈക്കുകൾ മോഷ്ടിക്കുന്ന കുട്ടി മോഷ്ടാക്കൾ പിടിയിൽ. മൂവാറ്റുപുഴയിലാണ് സംഭവം. ഒരു മാസത്തിനിടെ അഞ്ച് ബൈക്കുകളാണ് ഇവർ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് മോഷ്ടിച്ചത്.
ഒരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ ചേർന്ന സംഘമാണ് മോഷണം നടത്തിവന്നിരുന്നത്. പായിപ്ര, മണ്ടൻകവല, ആട്ടായം, ഉറവക്കുഴി എന്നീ സ്ഥലങ്ങളിലെ താമസക്കാരായ വിദ്യാർഥികളെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്. മുവാറ്റുപുഴ സംഗമംപടി, പോത്താനിക്കാട് മാവുടി, കോതമംഗലം ഭൂതത്താൻകെട്ട് , വെള്ളൂർകുന്നം എൻഎസ്എസ് സ്കൂൾ, ആട്ടായം എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചത്.
ആളില്ലാത്ത സ്ഥലങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളുടെ ലോക്ക് തകർത്താണ് ഇവർ ബൈക്കുകൾ കടത്തിയിരുന്നത്. തുടർന്ന് നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം മോഷ്ടിച്ച ബൈക്കിൽ രാത്രി കറങ്ങി നടക്കുന്നതാണ് ഇവരുടെ പതിവ്. ഇവർ ബൈക്കുകൾ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇതോടെയാണ് കുട്ടികള്ളന്മാർ വലയിലായത്.
ഇവരുടെ കൂട്ടത്തിലുള്ള രണ്ടുപേരെക്കണ്ട് സംശയം തോന്നിയ നാട്ടുകാർ അവരെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു 2 പേരെ കൂടി പൊലീസിന് പിടികൂടാനായത്. ഇവർ മോഷ്ടിച്ച ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കു പിന്നിൽ കൂടുതലാളുകൾ ഉണ്ടോയെന്നും എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.