മുതിർന്ന പൗരന്മാർക്കുള്ള കുറഞ്ഞ യാത്രാനിരക്ക് പുനഃസ്ഥാപിക്കില്ലെന്ന് റെയിൽവേ മന്ത്രി
മുതിർന്ന പൗരന്മാർക്ക് തീവണ്ടിയാത്രാനിരക്കിൽ അനുവദിച്ചിരുന്ന ഇളവ് പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷൻമാർക്ക് 40 ശതമാനവും 58 വയസിൽക്കൂടുതൽ പ്രായമുള്ള സ്ത്രീകൾക്ക് 50 ശതമാനവുമാണ് ടിക്കറ്റ് നിരക്കിൽ റെയിൽവേ ഇളവ് നൽകിയിരുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ മൂലം രാജ്യവ്യാപകമായി ട്രെയിൻ സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുവരെ മുതിർന്ന പൗരന്മാർക്ക് യാത്രാനിരക്കിൽ ഇളവുണ്ടായിരുന്നു. തീവണ്ടി സർവ്വീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയപ്പോൾ യാത്രാനിരക്കിലെ ഇളവും എടുത്തുകളയുകയായിരുന്നു.
എന്നാൽ, തീവണ്ടിയിലെ സാധാരണ ടിക്കറ്റ് നിരക്ക് തന്നെ സബ്സിഡി കഴിഞ്ഞുള്ളതാണെന്നും അതിനാൽ കൂടുതൽ ഇളവുകൾ തുടരാൻ കഴിയില്ലെന്നുമാണ് റെയിൽവേ മന്ത്രിയുടെ നിലപാട്. ഓരോ നൂറു രൂപയുടെ നടത്തിപ്പ് ചെലവിലും 45 രൂപ മാത്രമാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതെന്നും വൈഷ്ണവ് പറഞ്ഞു.
കൊവിഡ്-19 കേസുകൾ കുറയാൻ തുടങ്ങിയപ്പോൾ ഘട്ടം ഘട്ടമായി പാസഞ്ചർ സർവീസുകൾ പുനരാരംഭിച്ചതോടെ പതിവിൽ നിന്ന് വ്യത്യസ്തമായ നിരക്കുകളിലായിരുന്നു പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയത്. അതിൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിച്ചിരുന്നില്ല.
എന്നാൽ ഇപ്പോൾ എല്ലാ സാധാരണ സർവീസുകളും പുനരാരംഭിച്ചതോടെ പരമ്പരാഗത നിരക്കുകൾ വീണ്ടും പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. പ്രാബല്യത്തിൽ വന്ന നിരക്കുകളിൽ മുതിർന്ന പൗരന്മാരുടെ യാത്രാനിരക്കിൽ ഇളവില്ലായെങ്കിലും വിദ്യാർത്ഥികളുടെ പഠനയാത്രയ്ക്ക് കൂടുതൽ ഇളവുകൾ നൽകുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു