രണ്ടുകോടി രൂപയുടെ മക്ലാരൻ ഇടിച്ചു തകർന്നു; വഴിയിലുപേക്ഷിച്ച് ഡ്രൈവർ
രണ്ടുകോടി രൂപ വിലയുള്ള ആഡംബര കാർ ഇടിച്ചുതകർന്നതിനെത്തുടർന്ന് വഴിയിലുപേക്ഷിച്ച് ഉടമ. വാഷിങ്ടണിലെ ടക്കോമയ്ക്കടുത്തുള്ള ഹൈവേയിലായിരുന്നു സംഭവം. പിയേഴ്സ് കൗണ്ടി വാഷിലെ സ്റ്റേറ്റ് റോഡ് 512ൽ തിങ്കളാഴ്ച രാത്രിയാണ് മക്ലാരൻ 600 എൽടി എന്ന ആഡംബര വാഹനം അപകടത്തിൽപ്പെട്ടത്.
വഴിയരികിലുള്ള സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ ഗാർഡ് റെയിലിൽ ഇടിച്ചാണ് വാഹനം തകർന്നത്. ഗാർഡ് റെയിലിൽ ഇടിച്ച വാഹനം റെയിലിനടിയിലേയ്ക്ക് പോയി മുകൾഭാഗം പിളർന്നനിലയിലായിരുന്നു. ഈ അപകടവുമായി മറ്റേതെങ്കിലും വാഹനത്തിന് പങ്കുണ്ടോ എന്നും ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നും ഇതുവരെ വ്യക്തമല്ല.
മക്ലാരൻ പുറത്തിറക്കിയ ഏറ്റവും വേഗമേറിയ ബ്രിട്ടീഷ് സ്പോർട്സ് കാറായ 600 എൽ.ടി. 2015ൽ ജനീവ മോട്ടോർ ഷോയിലാണ് അവതരിപ്പിച്ചത്. ലോങ്ടെയിൽ (എൽടി) സീരിസിലെ നാലാമത്തെ കാറായ 600 എൽടിയ്ക്ക് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ പ്രതി മണിക്കൂർ വേഗത കൈവരിക്കാൻ 2.8 സെക്കൻഡ് മാത്രമാണ് ആവശ്യമായി വരുന്നത്.